(സുരേന്ദ്രൻ നായർ : കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ )
ഭാരതത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായി, Kerala Hindus of North America (KHNA) ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം ഹിന്ദു കൂട്ടായ്മകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സനാതനധർമ്മത്തിന്റെ ബൗദ്ധികവും സർവ്വലൗകികവുമായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രജ്ഞ പ്രവാഹിന്റെ അഖില ഭാരത സംയോജകൻ ശ്രീ ജെ. നന്ദകുമാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. 1893-ൽ ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ “സഹോദരീ സഹോദരന്മാരെ” എന്ന വിപ്ലവാത്മക അഭിവാദ്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ഹിന്ദു മതം ലോകമതങ്ങളുടെ മാതാവാണെന്നും “വസുധൈവ കുടുംബകം” എന്ന ഭാരതീയ ദർശനം ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരകാലത്ത് നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്ന് അകലെയായിരുന്നെങ്കിലും, സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം നിലനിർത്താൻ കഴിയുന്ന ജാഗ്രതയുള്ള യുവതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ഐതിഹാസിക പ്രവർത്തനങ്ങളെ നന്ദകുമാർ വിശദീകരിച്ചു. വിവേകാനന്ദ ദർശനങ്ങളിൽ പ്രചോദിതനായി സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ എത്തിയ മഹർഷി അരവിന്ദന്റെ “ഉത്തരപ്പാറ പ്രസംഗം” അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ ഉണർവ് ലോകത്തിനായാണെന്നും, ദേശീയത്വം ഭാരതത്തിന് വെറും രാഷ്ട്രീയമല്ല സനാതനധർമ്മത്തിന്റെ തത്വസംഹിതയാണെന്നും അരവിന്ദൻ പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിച്ചു.
സനാതനധർമ്മം എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന സർവ്വലൗകിക മതമാണെന്നും, അതിന്റെ ക്ഷയം ഭാരതത്തെയും ലോകക്രമത്തെയും ബാധിക്കുമെന്നും മഹർഷി അരവിന്ദൻ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും ദർശനങ്ങളിൽ പ്രചോദിതരായി ലക്ഷക്കണക്കിന് യുവാക്കൾ കർമ്മനിരതരായതിന്റെ ഫലമാണ് ഇന്നത്തെ ഭാരതത്തിന്റെ ഉണർവും ലോകനേതൃത്വത്തിലേക്കുള്ള യാത്രയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.



വൈദേശിക ആധിപത്യകാലത്ത് നഷ്ടപ്പെട്ട സാംസ്കാരിക പൈതൃകങ്ങളും ചരിത്രസാക്ഷ്യങ്ങളും വീണ്ടെടുക്കുന്ന ദേശീയ മുന്നേറ്റങ്ങളിൽ, സ്വാതന്ത്ര്യസമരകാലത്ത് വിദേശത്തിരുന്ന് ഇന്ത്യയെ പിന്തുണച്ച നേതാജി സുഭാഷ് ചന്ദ്രബോസ്, വീര സാവർക്കർ തുടങ്ങിയവരെപ്പോലെ ഇന്നത്തെ പ്രവാസ ഇന്ത്യക്കാരും മാതൃഭൂമിയോടൊപ്പം നിൽക്കണമെന്ന് നന്ദകുമാർ അഭ്യർത്ഥിച്ചു. “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന സനാതന സങ്കൽപ്പം എല്ലാ മതങ്ങളും അംഗീകരിച്ചാൽ ലോകത്തിലെ മതകലഹങ്ങൾ അവസാനിക്കുമെന്ന പ്രത്യാശയോടെയാണ് അദ്ദേഹം പ്രഭാഷണം ഉപസംഹരിച്ചത്.



അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നായി സമ്മേളനത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കളെയും പ്രവർത്തകരെയും KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. വിഭാഗീയതകൾക്കും ജാതിവിവേചനങ്ങൾക്കും അതീതമായ ഹൈന്ദവ ഐക്യത്തിനായി KHNA മുൻകൈയെടുക്കുമെന്നും, എല്ലാ സംഘടനകളും അതിനൊപ്പം കൈകോർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. ന്യൂയോർക്കിലെ ആദ്യകാല ഹൈന്ദവ സംഘടനയായ മലയാളി ഹിന്ദു മണ്ഡലം (മഹിമ) പ്രസിഡന്റ് രഞ്ജിത്ത് നായർ, ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാമണ്ഡലത്തിനുവേണ്ടി ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണൻ, കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (KHNJ) പ്രസിഡന്റ് രഞ്ജിത്ത് പിള്ള, KHNA മിഷിഗൺ പ്രസിഡന്റ് ധനുഷ് കൊണ്ടോത്തു, സൗത്ത് ഫ്ലോറിഡ ഹിന്ദു കൂട്ടായ്മയായ KHSF പ്രസിഡന്റ് അഭിജിത് പഴയിടം, കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയെ പ്രതിനിധീകരിച്ച് ജയശങ്കർ പിള്ള എന്നിവർ സംസാരിച്ചു.
സംഘടനാ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് നന്ദകുമാർ മറുപടി നൽകി. തുടർന്ന് ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ അനുമോദന സന്ദേശം നൽകി.
മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ നിയന്ത്രിച്ച സമ്മേളനത്തിൽ അനുശ്രീ ജയേഷ് ഈശ്വരപ്രാർത്ഥന ആലപിക്കുകയും, സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഏകതാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് അനഘ വാര്യർ, നന്ദകുമാർ ചക്കിങ്കൽ, സുരേഷ് (മിന്നസോട്ട), സുധ കർത്ത, ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.









