അനധികൃത കുടിയേറ്റം തടയുന്നതിനും രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രഥമ പരിഗണന നൽകി ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ പുറത്തിറക്കി. വനിതാ ക്ഷേമത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വലിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും കന്നുകാലി കടത്ത് തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും ബിജെപി പ്രഖ്യാപിച്ചു.
വനിതകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം, സർക്കാർ ജോലിയിൽ 33 ശതമാനം സംവരണം, സർക്കാർ ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. 75 ലക്ഷം ‘ലാഖ്പതി ദീദി’മാരെ സൃഷ്ടിക്കുമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കാനും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്.
തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ സഹായധനം നൽകുമെന്നും ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു. മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. മമത സർക്കാരിന്റെ ഭരണത്തിന് പകരമായി വികസനവും സുരക്ഷയും മുൻനിർത്തിയുള്ള ബദൽ നയങ്ങളാണ് ബിജെപി വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.













