ബെയ്ജിംഗ്: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലമാണെന്നും അത് എപ്പോൾ വേണമെങ്കിലും തകരാമെന്നും മുന്നറിയിപ്പ് നൽകി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്. വെടിനിർത്തലിനെ തകർക്കുന്നതോ സംഘർഷം വർദ്ധിപ്പിക്കുന്നതോ ആയ ഏത് നീക്കത്തെയും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഷ്ടപ്പെട്ട് നേടിയെടുത്ത ഈ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായിരിക്കണം ഇപ്പോൾ മുൻഗണന നൽകേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ചൈന പ്രശംസിച്ചു. പാകിസ്ഥാൻ കൂടുതൽ സജീവമായ പങ്ക് വഹിക്കുന്നത് കാണാൻ ബെയ്ജിംഗ് ആഗ്രഹിക്കുന്നുവെന്നും സമാധാന ശ്രമങ്ങളിൽ തങ്ങളാൽ കഴിയുന്ന എല്ലാ പിന്തുണയും നൽകാൻ ചൈന സന്നദ്ധമാണെന്നും വാങ് യി വ്യക്തമാക്കി.
അമേരിക്ക ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുകയും വാക്പോര് മുറുകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചൈനയുടെ ഈ പ്രതികരണം അതീവ പ്രാധാന്യമർഹിക്കുന്നു. ചൈനയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾക്കെതിരെ പരോക്ഷമായ മുന്നറിയിപ്പ് കൂടിയാണ് ഈ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പാകിസ്ഥാനുമായി ചേർന്ന് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ചൈന ശക്തമാക്കുകയാണ്.













