ഹോർമുസ് കടലിടുക്ക് തുറക്കാൻ നാളെ വരെ സമയം; ഇറാന് കടുത്ത അന്ത്യശാസനവുമായി ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കാൻ നാളെ വരെ സമയം; ഇറാന് കടുത്ത അന്ത്യശാസനവുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം നിർണ്ണായക ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. മുൻപ് പലതവണ നൽകിയ സമയപരിധികൾ നീട്ടിനൽകിയിരുന്നെങ്കിലും ഇത്തവണത്തെ ചൊവ്വാഴ്ച ഡെഡ്‌ലൈൻ അന്തിമമാണെന്ന് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി.

കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ ഊർജ്ജ നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണമുണ്ടാകുമെന്ന ഭീഷണിയും ഇതോടെ നിലനിൽക്കുകയാണ്. സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഗൗരവകരമാണെങ്കിലും അവ പൂർണ്ണമായും തൃപ്തികരമല്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. “ഇറാൻ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്, അത് വലിയൊരു ചുവടുവെപ്പാണ്. പക്ഷേ അത് മാത്രം പര്യാപ്തമല്ല,” അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ സാധിക്കുമെന്നും അവർ നിലവിൽ നല്ല രീതിയിൽ ചർച്ചകളിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും അമേരിക്കയുടെ ഈ അന്ത്യശാസനം മേഖലയിൽ വലിയ യുദ്ധഭീതിയാണ് പടർത്തുന്നത്. ചൊവ്വാഴ്ച ഇറാൻ സ്വീകരിക്കുന്ന നിലപാട് പശ്ചിമേഷ്യയുടെ സമാധാനത്തിൽ നിർണ്ണായകമാകും.

Share Email
LATEST
Top