കെയ്‌റോ: ഇറാനിൽ തുടരുന്ന സൈനിക സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി യുഎസ് പ്രതിനിധിയും അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നിർണ്ണായക ചർച്ചകൾ നടത്തി. ശനിയാഴ്ച വൈകുന്നേരം യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായും അദ്ദേഹം ഫോണിൽ സംസാരിച്ചതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയുമായും അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഈജിപ്തിന്റെ നീക്കം. നിശ്ചിത സമയത്തിനുള്ളിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാന് മേൽ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ രണ്ടുതവണ ട്രംപ് ഈ സമയപരിധി നീട്ടി നൽകിയിരുന്നുവെങ്കിലും ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് സൂചന.
സൈനിക സംഘർഷം കുറയ്ക്കാനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകാനും ഈജിപ്ത് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെയും ഗൾഫ് രാജ്യങ്ങൾ, ജോർദാൻ, ഇറാഖ് എന്നിവയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെയും ഈജിപ്ത് അപലപിച്ചു. അറബ് രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും ലംഘിക്കുന്ന ഒരു നടപടിയെയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ബദർ അബ്ദെലാറ്റി, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഈജിപ്തിനെന്ന് ആവർത്തിച്ചു. ഇറാന്റെ വിദേശകാര്യമന്ത്രി പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായും വിഷയത്തിൽ സംസാരിച്ചതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.













