അമേരിക്ക-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാത ഇറാൻ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഇറാൻ ഇളവ് നൽകിയതോടെ, ഈ പ്രതിസന്ധിക്കിടയിലും ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളാണ് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയത്.
ഏറ്റവും ഒടുവിലായി ‘ഗ്രീൻ സാൻവി’ എന്ന എൽപിജി ടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇതിനുമുമ്പ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു. വരും ദിവസങ്ങളിൽ ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 15-ലധികം ഇന്ത്യൻ കപ്പലുകളും 485-ഓളം ഇന്ത്യൻ നാവികരും ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇറാൻ കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ മേഖലയിൽ ആക്രമണങ്ങളും പതിവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ നാവികസേന ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്.













