ഹോർമുസ് പ്രമേയത്തിൽ അനിശ്ചിതത്വം; യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റി, കാരണം അവ്യക്തം

ഹോർമുസ് പ്രമേയത്തിൽ അനിശ്ചിതത്വം; യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റി, കാരണം അവ്യക്തം

ന്യൂയോർക്ക്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബഹ്‌റൈൻ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഐക്യരാഷ്ട്രസഭ മാറ്റിവെച്ചു. ശനിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ വോട്ടെടുപ്പിനായി പുതിയ തീയതിയൊന്നും നിലവിൽ നിശ്ചയിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ആദ്യം വെള്ളിയാഴ്ചത്തേക്കും പിന്നീട് ശനിയാഴ്ചത്തേക്കും മാറ്റുകയായിരുന്നു. തുടർച്ചയായ ഈ വൈകലിന്റെ കാരണം വ്യക്തമാക്കാൻ യുഎന്നിലെ ബഹ്‌റൈൻ മിഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഉറപ്പാക്കാൻ ‘ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും’ ഉപയോഗിക്കാൻ രാജ്യങ്ങൾക്ക് അധികാരം നൽകുന്നതാണ് ഈ പ്രമേയ കരട്. അംഗീകരിക്കപ്പെട്ടാൽ, യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന കടലിടുക്കിൽ സൈനിക നടപടിക്ക് ഇത് നിയമസാധുത നൽകും.

അതേസമയം, ഈ നീക്കത്തിനെതിരെ ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രമേയം അംഗീകരിക്കുന്നത് വിവേചനരഹിതമായ സൈനിക ശക്തി പ്രയോഗിക്കുന്നതിന് തുല്യമാകുമെന്ന് ചൈനീസ് പ്രതിനിധി ഫു കോങ് മുന്നറിയിപ്പ് നൽകി. ഇത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും അദ്ദേഹം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. പ്രമേയത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ സമവായമില്ലാത്തതാണ് വോട്ടെടുപ്പ് നീളാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്ക നൽകിയിട്ടുള്ള അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഎന്നിലെ ഈ അനിശ്ചിതത്വം നിർണ്ണായകമാണ്.

Share Email
Top