വാഷിങ്ടണ്‍,: മാസങ്ങളായി തുടരുന്ന ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ ആശയങ്ങള്‍ തേടി അമേരിക്ക. ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനും ശിക്ഷാനടപടികള്‍ അതിശക്തമാക്കാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സൈനിക വിശകലന വിദഗ്ധരോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. സിഎന്‍എന്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിഎന്‍എന്‍ പുറത്തുവിട്ട വിവരമനുസരിച്ച്, കഴിഞ്ഞ ആഴ്ച സെന്‍ട്രല്‍ കമാന്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ ു ഉദ്യോഗസ്ഥന്‍ ഇ-മെയിലിലൂടെ വിവിധ ഉദ്യോഗസ്ഥരില്‍ നിന്ന് പുതിയ ആശയങ്ങള്‍ ക്ഷണിച്ചു. ഇറാനെ എങ്ങനെ കൂടുതല്‍ ഫലപ്രദമായി നേരിടാമെന്നതിനെക്കുറിച്ചുള്ള ആശയശേഖരണമാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
സൈനികരില്‍ നിന്ന് ഇത്തരത്തില്‍ ഇ-മെയില്‍ വഴി ആശയങ്ങള്‍ തേടുന്നത് അപൂര്‍വ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന തരത്തില്‍ കരാറിലേക്ക് കൊണ്ടുവരാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നിലവില്‍ പരിമിതമായ മാര്‍ഗങ്ങളാണ് അവശേഷിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ തന്ത്രം പുനഃപരിശോധിക്കേണ്ട സാഹചര്യമാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിലയിരുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നൂതന ആശയങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നതിന് സെന്‍ട്രല്‍ കമാന്‍ഡിന് ദീര്‍ഘകാല പാരമ്പര്യമുണ്ടെന്നും എല്ലാ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിമോത്തി ഹോക്കിന്‍സ് പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച ഇറാനെതിരെ പുതിയ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സ്വാധീനം ദുര്‍ബലപ്പെടുത്താനും തെഹ്‌റാനെ വീണ്ടും ചര്‍ച്ചാ മേശയിലെത്തിക്കാനുമായി അമേരിക്ക ആഴ്ചകളായി വ്യോമാക്രമണം തുടരുകയാണെങ്കിലും ഇതുവരെ വ്യക്തമായ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളായ ‘പിക്കാക്‌സ് മൗണ്ടന്‍’ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സൈനിക തയ്യാറെടുപ്പുകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ അതീവ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അമേരിക്കയുടെ ഏറ്റവും ശക്തമായ പരമ്പരാഗത ആയുധങ്ങള്‍ പോലും നിര്‍ണായക ഫലം ഉണ്ടാക്കാന്‍ സാധ്യത കുറവാണെന്നാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അത്തരം കേന്ദ്രങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ കരസേനയെ വിന്യസിക്കേണ്ടി വരുമെങ്കിലും അതിന് ട്രംപ് തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
US military seeks new ways to pressure Iran; reports indicate new ideas have been sought from military officials.















