വാഷിംഗ്ടണ്‍: 10 ലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ ) മുന്‍ കൗണ്ടര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാട്രിക് സ്റ്റീവന്‍ യാരോച്ചിനെയാണ് അറസ്റ്റ് ചെയ്തത്. വിദേശ എതിരാളിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എഫ്ബിഐ നിരീക്ഷിച്ചു വരുന്നതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുള്ള തന്റെ ആക്‌സസ് ദുരുപയോഗം ചെയ്ത് ക്രിപ്‌റ്റോ സ്വത്തുക്കള്‍ തട്ടിയെടുത്തതെന്നാണ് കേസ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
യാരോച്ച് 2024 അവസാനത്തോടെ സ്വന്തം പേരില്‍ ക്രിപ്‌റ്റോ വാലറ്റ് സൃഷ്ടിച്ചു. തുടര്‍ന്ന് എഫ്ബിഐ ഡാറ്റാബേസില്‍ നിന്ന് അക്കൗണ്ടുകളുടെ രഹസ്യ പാസ്ഫ്രെയ്സുകള്‍ ശേഖരിച്ച് 10 മുതല്‍ 12 വരെ ഇടപാടുകളിലൂടെ ഫണ്ട് സ്വന്തം വാലറ്റിലേക്ക് മാറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
മോഷ്ടിച്ച ക്രിപ്‌റ്റോയുടെ മൂല്യം ഏകദേശം 10 ലക്ഷം ഡോളറാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വിര്‍ജീനിയയിലെ ആഷ്‌ബേണിലുള്ള യാരോച്ചിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 9,25,426 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ മാത്രമാണ് കണ്ടെടുത്തത്. ഹാര്‍ഡ്വെയര്‍ ക്രിപ്‌റ്റോ വാലറ്റ്, കൈയെഴുത്തിലുള്ള ‘സീഡ് ഫ്രെയ്സുകള്‍’, പോര്‍ച്ചുഗലിലേക്ക് താമസം മാറാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു. ജീവനക്കാരില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ധാര്‍മിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും എഫ്ബിഐ വക്താവ് വ്യക്തമാക്കി. യാരോച്ചിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായും അന്തര്‍സംസ്ഥാന മോഷണ വസ്തുക്കളുടെ കൈമാറ്റം, മോഷണ വസ്തുക്കള്‍ കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ഫെഡറല്‍ കോടതി പ്രതിയെ താല്‍ക്കാലികമായി കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
Former FBI official arrested; accused of stealing $1 million in cryptocurrency during investigation.















