ബോസ്റ്റൺ: ഒരു മില്യൺ ഡോളർ (ഏകദേശം 8.4 കോടി രൂപ) ലോട്ടറി സമ്മാനം നേടിയതിന് പിന്നാലെ മസാച്യുസെറ്റ്സിൽ യുവാവിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോസ്റ്റണിൽനിന്ന് വാങ്ങിയ സ്ക്രാച്ച്-ഓഫ് ലോട്ടറി ടിക്കറ്റിലൂടെ സമ്മാനം നേടിയ ഏരിയൽ വെലാസ്ക്വസ്-മൊറാലസാണ് പിടിയിലായത്. സമ്മാനം നേടിയ വിവരം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു നടപടി.
കഴിഞ്ഞ ആഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി അധികൃതർ സമ്മാനജേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത വിവരം ഐസിഇ അറിയിച്ചത്. 2013-ൽ എൽ സാൽവഡോറിൽനിന്ന് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച വെലാസ്ക്വസ്-മൊറാലസിനെ നാടുകടത്താൻ 2014-ൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടിരുന്നതായി ഐസിഇ പ്രസ്താവനയിൽ വ്യക്തമാക്കി. നാടുകടത്തൽ നടപടികളുടെ ഭാഗമായാണ് നിലവിൽ തടങ്കലിലാക്കിയിരിക്കുന്നത്.
നികുതികൾ കിഴിച്ചശേഷം ഒറ്റത്തവണയായി 6,50,000 ഡോളർ കൈപ്പറ്റാനായിരുന്നു യുവാവിന്റെ തീരുമാനം. എന്നാൽ കസ്റ്റഡിയിലായ സാഹചര്യത്തിൽ ലോട്ടറി സമ്മാനത്തുക ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘ഐസിഇയുടെ ബോസ്റ്റൺ ഓഫീസിലേക്ക് സ്വാഗതം! അനധികൃത കുടിയേറ്റക്കാർക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കും ഇവിടെ ഭാഗ്യമില്ല. ന്യൂ ഇംഗ്ലണ്ടിലെ നിയമം അനുസരിക്കുന്ന പൗരന്മാരാണ് എപ്പോഴും വിജയികൾ’ എന്ന കുറിപ്പോടെയാണ് ഐസിഇയുടെ ബോസ്റ്റൺ ഓഫീസ് യുവാവിന്റെ ചിത്രം പങ്കുവെച്ചത്.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ കിൽമർ അബ്രെഗോ ഗാർസിയ ഇതേ ആഴ്ച അമേരിക്ക വിട്ട് സ്പെയിനിലേക്ക് പോയി. 2011-ൽ അനധികൃതമായി അമേരിക്കയിലെത്തിയ ഗാർസിയയെ എൽ സാൽവഡോറിലേക്ക് തിരിച്ചയക്കുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ 2025 മാർച്ചിൽ അബദ്ധത്തിൽ ഇദ്ദേഹത്തെ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ സെക്കോട്ട് ജയിലിലേക്ക് നാടുകടത്തി.
പിന്നീട് കോടതി ഉത്തരവിനെത്തുടർന്ന് അമേരിക്കയിലേക്ക് തിരിച്ചെത്തിച്ചെങ്കിലും ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. നാടുകടത്തൽ നടപടികളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെയായി നിയമപോരാട്ടവും തുടരുകയായിരുന്നു. ഒടുവിൽ സ്വമേധയാ സ്പെയിനിലേക്ക് പോകാൻ തീരുമാനിച്ചതായി ഗാർസിയ അറിയിക്കുകയായിരുന്നു. ഇദ്ദേഹം സ്വയം നാടുകടത്തലിന് വിധേയനായതിൽ സന്തോഷമുണ്ടെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ പ്രതികരിച്ചു.
















