പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി വൻ സ്വർണക്കവർച്ച. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു സംഭവം. ടിഎൻ 07 എഇ 0145 (TN 07 AE 0145) എന്ന തമിഴ്‌നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.
കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധം കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഏകദേശം 20 പവനോളം സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്കിടെ അക്രമികൾ വെടിയുതിർത്തതായും വിവരമുണ്ട്. ഹിന്ദി സംസാരിക്കുന്ന ഇതരസംസ്ഥാനക്കാരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കവർച്ചയ്ക്ക് ശേഷം പ്രതികൾ തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച സൂചന. സംഭവത്തെ തുടർന്ന് കോട്ടായി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനും നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുമായി സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
















