ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കള്ളക്കുറിച്ചി എംഎൽഎ സി. അരുൾ വിഘ്നേഷ് അറസ്റ്റിലായി. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ 23ന് ഉദ്യോഗസ്ഥ കള്ളക്കുറിച്ചി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് നടപടി.
സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകളും ചുമത്തിയാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മോശം സന്ദേശങ്ങൾ അയച്ചതിന് പുറമെ മദ്യപിച്ചെത്തി ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വസതിയിൽ കയറി മാനസികമായി പീഡിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷനും നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ ടിവികെ എംഎൽഎമാരിൽ നിന്ന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ പോലും സുരക്ഷിതരല്ലെന്ന് ഡിഎംകെ എംപി കനിമൊഴി വിമർശിച്ചിരുന്നു. സംഭവത്തെത്തുടർന്ന് വിജയ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു. അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്നാണ് അരുൾ വിഘ്നേഷിന്റെ പ്രതികരണം.
TVK MLA C. Arul Vignesh arrested for sending obscene messages to woman IAS officer
















