മൂന്നാർ: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും പരാജയപ്പെട്ടു. രണ്ട് ഡോസ് മയക്കുവെടി വെച്ചിട്ടും ആന മയങ്ങാത്തതിനെ തുടർന്ന് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലെന്ന് സി.സി.എഫ്. വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും മയക്കുവെടി വെച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മൂന്നാം ദിവസവും ദൗത്യം തുടർന്നത്. രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്ത് കണ്ടെത്തിയ ആന പന്നിയാർ എസ്റ്റേറ്റ്, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ബോട്ടിൽ ഉൾപ്പെടെ സംഘത്തെ വിന്യസിച്ചിരുന്നു. ഇതിനിടെ തുറസായ പ്രദേശത്തേക്ക് നീങ്ങിയ ആന, ഡാമിലെ വെള്ളത്തിലിറങ്ങി നീന്തുകയും ലാസ, ഇടികുഴി, മറയൂർ കുടി, കൊക്കു പാറ എന്നീ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു.
വൈകിട്ട് മൂന്ന് മണിയോടെ 301 ഏക്കറിലെ അംഗനവാടിക്ക് സമീപത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. വെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പനെ ബോട്ടിലെത്തിയ ദൗത്യസംഘം കരയ്ക്ക് കയറ്റി. തുടർന്ന് ഈട്ടിക്കവല ഭാഗത്തേക്ക് ഓടിയ ആന ജലാശയത്തിലിറങ്ങി മറുകരയിലേക്ക് നീന്തുകയായിരുന്നു.
രണ്ടാമത്തെ ഡോസ് മയക്കുവെടിയേറ്റതിന് പിന്നാലെയും ജലാശയത്തിലിറങ്ങിയ ആന കുറച്ചുസമയത്തിന് ശേഷം കരയ്ക്ക് കയറി. ഈ സമയം ദൗത്യസംഘവും കുങ്കിയാനകളും ചക്കക്കൊമ്പനരികിലേക്ക് നടന്നടുത്തെങ്കിലും ആന സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ദൗത്യസംഘാംഗങ്ങൾ ഓടി രക്ഷപ്പെടുകയും ചക്കക്കൊമ്പൻ കാട്ടിലേക്ക് കയറിപ്പോവുകയും ചെയ്തു.
















