സുരക്ഷ ആശങ്കകളും ഡേർട്ടി ബോംബ് ഭീഷണിയും; സുരക്ഷ ശക്തമാക്കി ട്രംപ് മന്ത്രിസഭയിലെ പ്രമുഖർ, സൈനിക താവളങ്ങളിലേക്ക് താമസം മാറ്റി

സുരക്ഷ ആശങ്കകളും ഡേർട്ടി ബോംബ് ഭീഷണിയും; സുരക്ഷ ശക്തമാക്കി ട്രംപ് മന്ത്രിസഭയിലെ പ്രമുഖർ, സൈനിക താവളങ്ങളിലേക്ക് താമസം മാറ്റി

വാഷിംഗ്ടൺ: ആഭ്യന്തര രാഷ്ട്രീയ അക്രമങ്ങളും ഇറാൻ ഉൾപ്പെടെയുള്ള വിദേശശക്തികളിൽ നിന്നുള്ള വധഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ പ്രമുഖർ സുരക്ഷിത താമസത്തിനായി സൈനിക താവളങ്ങളിലേക്ക് മാറുന്നു. മന്ത്രിസഭയിലെ അര ഡസനോളം മുതിർന്ന ഉദ്യോഗസ്ഥരാണ് വാഷിംഗ്ടൺ ഡിസിയിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളിൽ താമസമാക്കിയത്. മുൻകാലങ്ങളിൽ സിവിലിയൻ ഉദ്യോഗസ്ഥർ സൈനിക താമസസൗകര്യങ്ങൾ ഉപയോഗിക്കുന്നത് അപൂർവമായിരുന്നെങ്കിൽ നിലവിലെ സുരക്ഷാ സാഹചര്യമാണ് ഇവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.

വാഷിംഗ്ടണിൽ രാസായുധങ്ങളോ ‘ഡേർട്ടി ബോംബോ’ ഉപയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ഇറാൻ പദ്ധതിയിടുന്നതായി ഈ മാസം സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെതിരായ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്ക് നേതൃത്വം നൽകുന്ന ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഏറ്റവും ഒടുവിൽ സൈനിക താവളത്തിലേക്ക് താമസം മാറ്റിയത്. ഇറാനിൽനിന്നുള്ള വധഭീഷണികളെ തുടർന്നാണ് ജോർജ്ടൗണിലെ വസതി ഉപേക്ഷിച്ച് അദ്ദേഹം സൈനിക കേന്ദ്രത്തിലേക്ക് മാറിയത്. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും സുരക്ഷാ കാരണങ്ങളാൽ അടുത്തിടെ സൈനിക താവളത്തിലേക്ക് താമസം മാറ്റിയിരുന്നു.

യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകൻ ചാർളി കിർക്ക് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ ആശങ്കകൾ ശക്തമാക്കി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും ഭാര്യ കാറ്റിയും വിർജീനിയയിലെ വീടിന് പുറത്ത് പ്രതിഷേധങ്ങൾ നടക്കുകയും അവരുടെ മേൽവിലാസം പരസ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ വർഷം സൈനിക താമസസൗകര്യത്തിലേക്ക് മാറിയിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ഫോർട്ട് മക്നെയർ സൈനിക താവളത്തിലെ ‘ജനറൽസ് റോ’ എന്നറിയപ്പെടുന്ന വസതികളിലാണ് താമസിക്കുന്നത്.

എന്നാൽ, ഭരണകൂടത്തിലെ പ്രമുഖർ സാധാരണ ജനങ്ങളിൽനിന്ന് അകന്ന് സുരക്ഷാ മതിൽക്കെട്ടുകൾക്കുള്ളിൽ കഴിയുന്നത് അമേരിക്കയുടെ ജനാധിപത്യ പാരമ്പര്യത്തിന് തിരിച്ചടിയാണെന്ന് അമേരിക്കൻ സർവകലാശാലയിലെ പ്രൊഫസർ തോമസ് കാൻ അഭിപ്രായപ്പെട്ടു. സൈനികർക്കായി മാറ്റിവെച്ചിരിക്കുന്ന വീടുകളിൽ രാഷ്ട്രീയ നിയമനത്തിലൂടെ അധികാരത്തിലെത്തിയ ഉദ്യോഗസ്ഥർ താമസിക്കുന്നതിനെയും അവർ നൽകുന്ന വാടകയെയും കുറിച്ച് അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് നിയമനിർമാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഈ വസന്തകാലത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി പെന്റഗണിനോട് നിർദേശിച്ചിട്ടുണ്ട്.

2008-ൽ കോൺഗ്രസ് പാസാക്കിയ നിയമഭേദഗതി പ്രകാരം സിവിലിയൻ ഉദ്യോഗസ്ഥർക്ക് ഫോർ സ്റ്റാർ ജനറൽമാർ നൽകുന്ന വാടകയേക്കാൾ അഞ്ച് ശതമാനം അധികം നൽകി സൈനിക ഭവനങ്ങളിൽ താമസിക്കാം. ഇതനുസരിച്ച് പ്രതിമാസം 4,500 ഡോളറിലധികമാണ് ഉദ്യോഗസ്ഥർ വാടകയായി നൽകുന്നത്. സ്വകാര്യ വസതികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കുന്നതിനേക്കാൾ സൈനിക താവളങ്ങളിലെ താമസം നികുതിദായകരുടെ പണം ലാഭിക്കാൻ സഹായിക്കുമെന്നാണ് പെന്റഗണിന്റെ വിശദീകരണം. എന്നാൽ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ സൈനിക വസതിയുടെ അറ്റകുറ്റപ്പണികൾക്കായി 1,37,297 ഡോളർ ചെലവഴിക്കാൻ സൈന്യം ഒരുങ്ങിയത് കഴിഞ്ഞ വർഷം വലിയ വിവാദമായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top