പശ്ചിമേഷ്യയിൽ ദുരിതം വിതച്ച് യുദ്ധം; മാനുഷിക സഹായം അടിയന്തരമായി എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന

പശ്ചിമേഷ്യയിൽ ദുരിതം വിതച്ച് യുദ്ധം; മാനുഷിക സഹായം അടിയന്തരമായി എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന. യുദ്ധം കനത്ത നാശം വിതച്ച മേഖലയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത് ഇന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് സംഘടന ഈ മുന്നറിയിപ്പ് നൽകിയത്. വെടിനിർത്തൽ പ്രഖ്യാപിച്ച ഈ രണ്ടാഴ്ചത്തെ കാലയളവ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കുന്നതിനുള്ള നിർണ്ണായകമായ അവസരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാനിലും ലബനനിലും യുദ്ധം മൂലം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മേഖലയിലെ ആശുപത്രികൾ അവയുടെ പരമാവധി ശേഷിയിലും അതിനപ്പുറവും പ്രവർത്തിക്കുകയാണ്. പല പ്രദേശങ്ങളും പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ, പരിസ്ഥിതിക്കുണ്ടായ ആഘാതം വരുംദിവസങ്ങളിൽ വലിയ ഭീഷണിയാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു. ഊർജ്ജ നിലയങ്ങൾക്കും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്കും ഏറ്റ നാശനഷ്ടങ്ങൾ വായുമലിനീകരണത്തിനും ശുദ്ധജലക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഇത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഈ അടിയന്തര സാഹചര്യം നേരിടുന്നതിനായി ലോകാരോഗ്യ സംഘടന തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എമർജൻസി ഫണ്ടിൽ നിന്ന് 8,00,000 ഡോളർ അനുവദിച്ചു. പരിക്കേറ്റവർക്കുള്ള ചികിത്സാ സാമഗ്രികൾ എത്തിക്കുന്നതിനൊപ്പം ആശുപത്രികളെ സഹായിക്കാനും യുദ്ധം സൃഷ്ടിച്ച മാനസികാഘാതം നേരിടാൻ മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താനും സംഘടന നടപടി സ്വീകരിച്ചു വരികയാണ്. വെടിനിർത്തൽ കാലാവധിക്കുള്ളിൽ പരമാവധി സഹായം ജനങ്ങളിലെത്തിക്കാനാണ് നിലവിലെ ശ്രമം.

Share Email
LATEST
More Articles
Top