ബർലിൻ: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിൽ ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് നിരാശ രേഖപ്പെടുത്തി. ഇന്ന് രാവിലെ ബെർലിനിൽ സംസാരിക്കവെ, ചർച്ചകൾ പരാജയപ്പെട്ടതിൽ തനിക്ക് അത്ഭുതമില്ലെന്നും ഈ നയതന്ത്ര നീക്കം വേണ്ടത്ര തയ്യാറെടുപ്പുകളോടെയല്ല നടത്തിയതെന്ന് തുടക്കത്തിലേ തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ലെന്നും യുദ്ധത്തിന്റെ ആഘാതം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏറെക്കാലം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയതന്ത്രപരമായ പരിഹാരം മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന് ചാൻസലറുടെ വക്താവ് ബെർലിനിൽ വ്യക്തമാക്കി. ചർച്ചകൾ വിജയിക്കുന്നതിൽ ജർമ്മനിക്ക് വലിയ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാനുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു നീക്കമായിട്ടാണ് ജർമ്മനി കാണുന്നത്. കടലിടുക്ക് മുഴുവനായി അടയ്ക്കുന്നതിന് പകരം ഇറാന്റെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഉപരോധമെന്ന യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പിലെ കരുത്തരായ ജർമ്മനി സമാധാന ശ്രമങ്ങൾക്കായി മുന്നിലുണ്ടെങ്കിലും, സ്ഥിതിഗതികൾ സങ്കീർണ്ണമാണെന്നാണ് ചാൻസലറുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിച്ചാൽ പോലും അതിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം ലോകം അനുഭവിക്കേണ്ടി വരുമെന്ന മെർസിന്റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ ജർമ്മനി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.













