യുദ്ധം ആറ് മാസം നീണ്ടുനിന്നാലും രാജ്യം സജ്ജമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

യുദ്ധം ആറ് മാസം നീണ്ടുനിന്നാലും രാജ്യം സജ്ജമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളെയും അവകാശവാദങ്ങളെയും പൂർണ്ണമായും തള്ളി ഇറാൻ. ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന വലിയൊരു യുദ്ധത്തിന് തങ്ങളുടെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനകൾ നിലനിൽക്കെയാണ്, അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സമയപരിധികളില്ലെന്നും ആവശ്യമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ഇറാനിൽ പുതിയതും കൂടുതൽ വിവേകപൂർണ്ണവുമായ ഒരു ഭരണകൂടമാണ് നിലവിലുള്ളതെന്നും അമേരിക്കയുമായി ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നുമുള്ള ട്രംപിന്റെ വാദങ്ങളെ അരാഗ്‌ചി പൂർണ്ണമായും നിഷേധിച്ചു. വാഷിംഗ്ടണുമായി നിലവിൽ നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും മിഡിൽ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മധ്യസ്ഥർ വഴി പരോക്ഷമായ ചില ആശയവിനിമയങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിന്റെ പ്രസ്താവനയും വിദേശകാര്യമന്ത്രി തള്ളി. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും അമിതവുമാണെന്നാണ് ഇറാന്റെ നിലപാട്. ഭീഷണിയുടെയും സമയപരിധിയുടെയും ഭാഷയിൽ ഇറാനോട് സംസാരിക്കാൻ കഴിയില്ലെന്നും ട്രംപ് തന്റെ ഈ കടുംപിടുത്ത സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ നേരിടുന്നതിന് മുൻപ് മേഖലയിലാകെ സമാധാനം ഉറപ്പുവരുത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുകയാണ് ശത്രുക്കൾ ചെയ്യേണ്ടതെന്നും ഇറാൻ ഓർമ്മിപ്പിച്ചു.



l

Share Email
LATEST
Top