ഏത് സാഹചര്യത്തെയും നേരിടും, തിരിച്ചടി അതിരൂക്ഷമാകുമെന്ന് ഇറാന്‍; പരമാവധി യുദ്ധസജ്ജമായി സൈന്യം, കനത്ത ജാഗ്രത

ഏത് സാഹചര്യത്തെയും നേരിടും, തിരിച്ചടി അതിരൂക്ഷമാകുമെന്ന് ഇറാന്‍; പരമാവധി യുദ്ധസജ്ജമായി സൈന്യം, കനത്ത ജാഗ്രത

ടെഹ്റാൻ: അമേരിക്കൻ നാവികസേന ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. രാജ്യം ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സജ്ജമാണെന്നും ഇറാന് നേരെയുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും നിർണ്ണായകവും അതിശക്തവുമായ മറുപടി നൽകുമെന്നും ആക്ടിംഗ് പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മജീദ് ഇബ്‌ൻ റെസ മുന്നറിയിപ്പ് നൽകി. ഇറാന്റെ സായുധ സേന നിലവിൽ ‘മാക്സിമം കോംബാറ്റ് അലർട്ടിൽ’ (പരമാവധി യുദ്ധസജ്ജമായി) ആണെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ തുറമുഖങ്ങളിലേക്കെത്തുന്ന കപ്പലുകൾ തടയുമെന്നും ടെഹ്‌റാനിലേക്ക് നികുതി അടച്ച എല്ലാ കപ്പലുകളെയും പിടിച്ചെടുക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ യുദ്ധഭീതി ഇരട്ടിയായത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ സൈനിക കരുത്ത് വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയത്. യുദ്ധത്തിന് മുൻപ് തന്നെ ആവശ്യമായ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ആയുധശേഖരം രാജ്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സർദാർ തലാഇ-നിക് വ്യക്തമാക്കി.

ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണം വൻതോതിലുള്ള സൈനിക ശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് ഇറാന്റെ വാദം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ ഇറാന്റെ സൈനിക സന്നാഹങ്ങളുടെ വാർത്തകൾ പുറത്തുവിട്ടു. അമേരിക്ക ഉപരോധം കടുപ്പിക്കുമ്പോൾ, തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് വ്യക്തമാകുന്നു. പശ്ചിമേഷ്യൻ കടലിടുക്കുകളിൽ ഏത് നിമിഷവും ഒരു വൻ സ്ഫോടനമുണ്ടാകാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Share Email
LATEST
More Articles
Top