ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ച തകര്‍ത്തത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണ്‍കോളെന്നു ഇറാന്‍. ഇസ്‌ളാമാബാദില്‍ നടന്ന പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചയ്ക്കിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് വന്ന ഫോണ്‍കോളാണ് ചര്‍ച്ചയുടെ ഫലം അട്ടിമറിക്കപ്പെട്ടതെന്നും ഇതോടെ ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ വഴിത്തിരിവാ കാവുന്ന കാര്യങ്ങള്‍ തകിടംമറിക്കപ്പെട്ടെന്നും ഇറാന്‍ ആരോപിച്ചു.
ഇസ്ലാമാബാദില്‍ 21 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്താനാകാതെ ചര്‍ച്ചകള്‍ അവസാനിച്ചത്. ഒരു കരാറിലും ഏര്‍പ്പെടാനാകാതെ, ജെ ഡി വാന്‍സ് ഇസ്ലാമാബാദ് വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം, എക്‌സിലെ കുറിപ്പിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഈ ആരോപണം ഉന്നയിച്ചത്.
‘യോഗത്തിനിടെ നെതന്യാഹു വാന്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണം യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേലിന്റെ താല്‍പ്പര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതായി അരാഗ്ചി കുറിച്ചു. യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത് ചര്‍ച്ചാ മേശയില്‍ നേടാനാണ് അമേരിക്ക ശ്രമിച്ചതെന്നും അരാഗ്ചി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ താല്‍പ്പര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഇറാന്‍ എല്ലാക്കാലത്തും പ്രതിജ്ഞാബ ദ്ധരായിരിക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.













