വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനിൽ വെടിയേറ്റു വീണ യുഎസ് യുദ്ധവിമാനത്തിലെ സൈനിക ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ശക്തമായ പ്രതിവാദവുമായി ഇറാൻ രംഗത്തെത്തി. അത്യാധുനിക ആയുധങ്ങൾ സജ്ജീകരിച്ച ഡസൻ കണക്കിന് വിമാനങ്ങൾ അയച്ചാണ് പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയതിലൂടെ തങ്ങളുടെ പക്കൽ ഒരു ‘വിലപേശൽ ഉപകരണം’ എത്താതിരിക്കാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, അമേരിക്കയുടെ ഈ വിജയവാർത്തയെ പാടെ തള്ളിക്കളയുന്ന റിപ്പോർട്ടുകളാണ് ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ദക്ഷിണ ഇറാനിലെ ഇസ്ഫഹാൻ മേഖലയിൽ പൈലറ്റിനെ രക്ഷിക്കാനെത്തിയ അമേരിക്കയുടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സി-130 ട്രാൻസ്‌പോർട്ട് വിമാനവും തങ്ങൾ തകർത്തതായി ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് സൈനിക നീക്കം വൻ പരാജയമായിരുന്നുവെന്നും ഇറാൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ വിമാനങ്ങൾ കത്തിയമർന്നുവെന്നുമാണ് ടെഹ്‌റാന്റെ അവകാശവാദം.
മരുഭൂമിയിൽ തകർന്നു കിടക്കുന്ന വിമാനങ്ങളുടേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഈ ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തന്റെ പരാജയം മറച്ചുവെക്കാനാണ് ട്രംപ് വിജയവാർത്തയുമായി രംഗത്തെത്തിയതെന്ന് ഇറാൻ ആരോപിച്ചു. “ഇതുപോലെയുള്ള മൂന്ന് വിജയങ്ങൾ കൂടി ഉണ്ടായാൽ അമേരിക്ക പൂർണ്ണമായും തകരും” എന്നായിരുന്നു ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫിന്റെ പരിഹാസം. ഇറാൻ പുറത്തുവിട്ട ദൃശ്യങ്ങളോട് അമേരിക്കൻ പ്രതിരോധ വിഭാഗം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.













