ന്യൂയോർക്ക്/ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക ബലപ്രയോഗത്തിന് അനുമതി നൽകുന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ പ്രമേയ കരടിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ. ഈ പ്രമേയം നിലവിലെ സാഹചര്യത്തിൽ ഒട്ടും പ്രസക്തമല്ലെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മേഖലയിലെ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം തിരിച്ചറിയുന്നതിൽ യുഎൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇറാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന കടന്നുകയറ്റമാണ് നിലവിലെ എല്ലാ പ്രശ്നങ്ങൾക്കും അടിസ്ഥാനമെന്ന് അദ്ദേഹം സിഎൻഎന്നിനോട് പ്രതികരിച്ചു. ഈ വസ്തുതകൾ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ നിർദ്ദേശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ കരടിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ‘ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും’ ഉപയോഗിക്കാൻ രാജ്യങ്ങൾക്ക് അധികാരം നൽകുന്നുണ്ട്.
പ്രമേയം അംഗീകരിക്കപ്പെട്ടാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ ഇറാന് നേരെ സൈനിക നീക്കം നടത്താൻ ഇത് നിയമപരമായ സാധുത നൽകും. എന്നാൽ, ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ഈ പ്രമേയത്തിന്മേലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.











