ലണ്ടൻ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം ഏഷ്യൻ രാജ്യങ്ങളിൽ ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും ലഭ്യത കുറച്ചതിന് പിന്നാലെ യൂറോപ്പിലും കടുത്ത ക്ഷാമം നേരിടാൻ പോകുകയാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ജെറ്റ് ഇന്ധനത്തിന്റെയും ഡീസലിന്റെയും ദൗർലഭ്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസമോ അല്ലെങ്കിൽ മെയ് മാസത്തിന്റെ തുടക്കത്തിലോ യൂറോപ്പിൽ ഇതിന്റെ ആഘാതം പ്രകടമായി തുടങ്ങുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയും ഇസ്രായേലും മേഖലയിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് മിഡിൽ ഈസ്റ്റിൽ നിന്നും പുറപ്പെട്ട എണ്ണക്കപ്പലുകൾ മാർച്ച് മാസത്തിൽ ആഗോള തുറമുഖങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ പുതിയ ചരക്കുകൾ ഒന്നും തന്നെ എത്തുന്നില്ലെന്ന് ബിറോൾ ചൂണ്ടിക്കാട്ടി. ഇറാൻ സംഘർഷം ഉടൻ അവസാനിച്ചില്ലെങ്കിൽ ഈ മാസം മുതൽ യൂറോപ്പിൽ ഊർജ്ജക്ഷാമം അനുഭവപ്പെടുമെന്ന് ജർമ്മനിയുടെ സാമ്പത്തിക മന്ത്രിയും പ്രമുഖ എണ്ണക്കമ്പനികളുടെ മേധാവികളും കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ഐഇഎയുടെ പുതിയ റിപ്പോർട്ട്.
അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ കണക്കുകൾ പ്രകാരം, ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ജെറ്റ് ഇന്ധനത്തിന്റെ ആഗോള വില നിലവിൽ ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ടിക്കറ്റ് നിരക്കിൽ വലിയ രീതിയിലുള്ള സർചാർജ് ഏർപ്പെടുത്തുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. വിതരണ ശൃംഖലയിലുണ്ടായ ഈ തടസ്സം വരും മാസങ്ങളിൽ ലോകത്തെ സാമ്പത്തിക മേഖലയെയും യാത്രാ മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.













