ദില്ലി : ഔദ്യോഗികവസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ ജഡ്ജിസ്ഥാനം രാജിവെച്ചു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ദില്ലി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ തീപ്പിടുത്തം ഉണ്ടാകുകയും ഇതിനിടെ നടന്ന പരിശോധനയിൽ നോട്ടുകെട്ടുകൾ കത്തി നിലയിൽ കണ്ടെത്തുകയും ചെയ്തത്. സംഭവം വലിയ വിവാദമാകുകയും കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിൽ അന്വേഷണം വേണമെന്ന ആവശ്യംഉയരുകയും ചെയ്തു.
വിഷയത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ ജഡ്ഡിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ സമിതി പ്രാഥമികമായി കുറ്റാരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് പാർലമെന്റിൽ തുടക്കമിട്ടു. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും പിന്നിൽ ഗൂഢാലോചന എന്ന വാദത്തിലാണ് ജഡ്ജി ഉറച്ച് നിന്നത്. രാജി വെച്ചതോടെ ഇംപീച്ച്മെന്റ് നടപടികളും റദ്ദാകും.













