ബൈജു ആലപ്പാട്ട്
ന്യൂയോര്‍ക്ക്: 50-ത് വര്‍ഷത്തെ മഹത്തായ പ്രവര്‍ത്തനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി (IKCC NY ) ക്കു ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഈ മഹത്തായ 50 വര്‍ഷത്തെ അനുഗ്രഹീതമായ യാത്ര ആഘോഷിക്കുന്ന ഈ സന്തോഷകരമായ അവസരത്തില്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഇന്ത്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ ക്‌നാനായ കത്തോലിക്ക സംഘടനയായ IKCC NY, അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലും ഓരോ പ്രവാസി ക്‌നാനായക്കാരന്റെയും ഹൃദയങ്ങളിലും പ്രത്യേകമായ അഭിമാന സ്ഥാനമാണ് കൈവരിച്ചിരിക്കുന്നതെന്നു കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കല്‍ ചൂണ്ടിക്കാട്ടി .
IKCC NY വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന് ശക്തമായ അടിത്തറ പാകുകയും KCCNA യുടെ രൂപീകരണത്തിനും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം ന്യൂയോര്‍ക്കില്‍ IKCC യുടെ നേതൃത്വത്തില്‍ 1986 ജൂലൈ 4 വാരാന്ത്യം ക്നാനായ സമൂഹത്തിന്റെ അവിസ്മരണീയമായ ഒരു കണ്‍വെന്‍ഷനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യക്ക് പുറത്ത് ആദ്യമായി, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയ ക്നാനായ സമുദായത്തിലെ അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം അന്ന് ഉല്‍സാഹത്തിമിര്‍പ്പോടെ ഒത്തുകൂടി. ഈ മഹത്തായ കണ്‍വെന്‍ഷന്‍ KCCNA യുടെ രൂപീകരണത്തിന് വിത്തു പാകി.
1993 ജൂലൈ 24-ന് ന്യൂയോര്‍ക്കില്‍ എല്ലാ ആര്‍ഭാടങ്ങളോടും കൂടി IKCC യുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ നടന്നു. IKCC യുടെ പൂര്‍വ്വിക നേതാക്കളുടെ ദീര്‍ഘവീക്ഷണം സമുദായ സ്‌നേഹം ,കരുതല്‍ , മനോഭാവം എന്നിവ ഈ ഭൂഖണ്ഡത്തിലെ എല്ലാ ക്‌നാനായ കത്തോലിക്ക സംഘടനകള്‍ക്കും മാര്‍ഗ്ഗദര്‍ശനമായി മാറിയിരിക്കുന്നു.
IKCC NYയുടെ സമര്‍പ്പിത നേതാക്കള്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹങ്ങള്‍ക്ക് സ്ഥിരമായി മാര്‍ഗ്ഗനിര്‍ദ്ദേശവും നേതൃത്വവും നല്‍കിയിട്ടുണ്ട്. ഐക്യം, വിശ്വാസം, പാരമ്പര്യ സംരക്ഷണം എന്നിവയില്‍ മാതൃകയായി നിന്നുകൊണ്ട്, തലമുറകളെ പ്രചോദിപ്പിക്കുകയും നമ്മുടെ പ്രിയപ്പെട്ട ക്‌നാനായ പാരമ്പര്യവും ഐക്യവും വളര്‍ത്തിപ്പോറ്റുകയും ചെയ്തു.
ഈ സ്വര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍, നിങ്ങളുടെ അതുല്യമായ യാത്രയ്ക്കും നമ്മുടെ സമുദായത്തിന്റെ വളര്‍ച്ചക്കും നിലനില്പിനുമായി ചെയ്ത അനവധി സംഭാവനകള്‍ക്കും നന്ദി പറയുന്നു. നമ്മുടെ ക്‌നാനായ സമൂഹം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത്, നമ്മുടെ പാരമ്പര്യങ്ങളോടും ഐക്യത്തോടുമുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന് ശക്തിയും പ്രചോദനവും നല്‍കുന്ന ഒന്നാണ്.
KCCNA’s Golden Jubilee greetings to IKCC New York, which is celebrating its 50th anniversary.













