വാഷിംഗ്ടൺ: ഇറാന് നേരെ സൈനിക ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുൻപ് പലതവണ അമേരിക്കൻ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. വെള്ളിയാഴ്ച ‘ദി ബ്രീഫിംഗ് വിത്ത് ജെൻ സാക്കി’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ പ്രസിഡന്റുമാരായിരുന്ന കാലത്തെല്ലാം നെതന്യാഹു ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ അവരെല്ലാം അത് നിരസിക്കുകയായിരുന്നുവെന്നും കെറി വ്യക്തമാക്കി.
നെതന്യാഹുവുമായി താൻ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇറാന് നേരെ അമേരിക്ക നേരിട്ട് ആക്രമണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കെറി പറഞ്ഞു. ആക്രമണത്തിലൂടെ ഇറാന്റെ ഭരണനേതൃത്വത്തെ വധിക്കാനും ഭരണമാറ്റം കൊണ്ടുവരാനും സൈന്യത്തെ തകർക്കാനും സാധിക്കുമെന്ന “നാല് പോയിന്റ് പദ്ധതി” നെതന്യാഹു അവതരിപ്പിച്ചിരുന്നു. ഒബാമ ഉൾപ്പെടെയുള്ള പ്രസിഡന്റുമാർ ഇറാന്റെ ആണവപദ്ധതികളെ തടയാൻ നയതന്ത്ര വഴികളാണ് തേടിയത്. എന്നാൽ ഇറാന് നേരെ സൈനിക നീക്കം നടത്താൻ തയ്യാറായ ഏക പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് കെറി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാൻ തിരിച്ചടിക്കുകയും മേഖലയിൽ യുദ്ധസാഹചര്യം ഉടലെടുക്കുകയും ചെയ്തു. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ദശാബ്ദങ്ങളായുള്ള നെതന്യാഹുവിന്റെ സമ്മർദ്ദമാണ് ഒടുവിൽ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ യുദ്ധത്തിൽ കലാശിച്ചതെന്നാണ് കെറിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.













