ട്രംപിന്റെ ആവശ്യം തള്ളി മാക്രോൺ, ഹോർമുസ് കടലിടുക്ക് സൈനികമായി തുറക്കണമെന്ന ട്രംപിന്റെ ആവശ്യം ‘യാഥാർത്ഥ്യത്തിന് നിരക്കാത്തത്’; വിമർശനം

ട്രംപിന്റെ ആവശ്യം തള്ളി മാക്രോൺ, ഹോർമുസ് കടലിടുക്ക് സൈനികമായി തുറക്കണമെന്ന ട്രംപിന്റെ ആവശ്യം ‘യാഥാർത്ഥ്യത്തിന് നിരക്കാത്തത്’; വിമർശനം

പാരീസ്: ഹോർമുസ് കടലിടുക്ക് സൈനിക ശക്തി ഉപയോഗിച്ച് തുറക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം പ്രായോഗികമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ട്രംപിന്റെ നിർദ്ദേശത്തെ ‘യാഥാർത്ഥ്യബോധമില്ലാത്തത്’ എന്ന് വിശേഷിപ്പിച്ച മാക്രോൺ, അമേരിക്കൻ നിലപാടിലെ വൈരുദ്ധ്യങ്ങളെ രൂക്ഷമായി വിമർശിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ലെന്ന് ട്രംപ് ആവർത്തിച്ച് കുറ്റപ്പെടുത്തുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഈ പ്രതികരണം.

ദക്ഷിണ കൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക നടപടിയിലൂടെ കടലിടുക്ക് ‘മോചിപ്പിക്കുക’ എന്ന ആശയം അപ്രായോഗികമാണെന്ന് മാക്രോൺ വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സൈനിക നീക്കമല്ല, മറിച്ച് ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായി കപ്പലുകളെ അകമ്പടി സേവിക്കാൻ സൈന്യത്തിന് കഴിയുമെങ്കിലും നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ സൈനിക നീക്കത്തിൽ ഫ്രാൻസ് പങ്കുചേരില്ലെന്ന് മാക്രോൺ ആവർത്തിച്ചു. പുറത്തുനിന്നുള്ള വിദഗ്ധരുടെ പരിശോധനകളില്ലാതെ തുടരുന്ന ഈ സൈനിക പ്രചാരണം ഗൗരവകരമല്ലെന്നും അദ്ദേഹം പരിഹസിച്ചു. കുറച്ച് ആഴ്ചകൾ നീണ്ടുനിൽക്കുന്ന സൈനിക ആക്രമണങ്ങൾ കൊണ്ട് ഇറാന്റെ ആണവ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ല. ഓരോ ദിവസവും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന ട്രംപിന്റെ രീതിയെ വിമർശിച്ച മാക്രോൺ, ഗൗരവകരമായ നിലപാടാണ് ആവശ്യമെങ്കിൽ തലേദിവസം പറഞ്ഞതിന് വിപരീതമായി പിറ്റേന്ന് സംസാരിക്കരുതെന്നും കൂട്ടിച്ചേർത്തു.

Share Email
LATEST
Top