ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ കാണാതായ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തി; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡോണാൾഡ് ട്രംപ്

ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിലെ കാണാതായ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തി; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ വെച്ച് വെടിയേറ്റു വീണ അമേരിക്കൻ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുഎസ് സൈന്യം അതീവ സാഹസികമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ തിരച്ചിൽ-രക്ഷാദൗത്യങ്ങളിൽ ഒന്നാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്നതെന്നും ഉന്നത പദവിയുള്ള കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇപ്പോൾ പൂർണ്ണ സുരക്ഷിതനാണെന്നും ട്രംപ് വ്യക്തമാക്കി.

രക്ഷപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മേഖലയിൽ വെച്ച് അമേരിക്കയുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം വെടിയേറ്റു വീണതോടെയാണ് ഉദ്വേഗഭരിതമായ രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു സൈനികനെ അപകടം നടന്ന ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

ആക്രമണത്തെത്തുടർന്ന് കാണാതായ രണ്ടാമത്തെ ഉദ്യോഗസ്ഥനായ കേണലിനായി കഴിഞ്ഞ രണ്ട് ദിവസമായി വൻതോതിലുള്ള തിരച്ചിലാണ് യുഎസ് സേന നടത്തിവന്നത്. ഇറാൻ അതിർത്തിക്കുള്ളിൽ വെച്ച് നടന്ന ഈ രക്ഷാദൗത്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സൈനികരെ ട്രംപ് പ്രശംസിച്ചു. സംയുക്ത സൈനിക നീക്കത്തിലൂടെയാണ് ഉദ്യോഗസ്ഥനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

Share Email
LATEST
More Articles
Top