സാം മാത്യു
ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (കജഇ) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രില്‍ 11-ന് ഐ.പി.സി ഹെബ്രോണ്‍ ഡാളസ് സഭാ മന്ദിരത്തില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നിലവിലെ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ കെ. വി. തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോഷിന്‍ ഡാനിയേല്‍ കണക്കും അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത 3 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ ഏബ്രഹാം (ഓസ്റ്റിന്‍) വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ ബെന്നി പാപ്പച്ചന്‍ (ഒക്കലഹോമ) സെക്രട്ടറി, വെസ്‌ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടില്‍(ഹ്യൂസ്റ്റണ്‍) ട്രഷറാര്‍, ടിജു തോമസ് ഹ്യൂസ്റ്റണ്‍) ജനറല്‍ കൗണ്‍സില്‍ അംഗം, സാം മാത്യു ( ഡാളസ്) മീഡിയ, എസ്.പി. ജെയിംസ്( ഡാളസ്) ചാരിറ്റി കോര്‍ഡിനേറ്റര്‍, സാക് ചെറിയാന്‍ (ഒക്കലഹോമ) മിഷന്‍ കോര്‍ഡിനേറ്റര്‍, ആന്‍സണ്‍ തോമസ് ഓഡിറ്റര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം അംഗത്വ സഭകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി 51 അംഗ കൗണ്‍സില്‍ നിലവില്‍ വന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഐ.പി.സി. ഹെബ്രോന്‍ ഒക്കലഹോമ ശുശ്രൂഷകനായ റവ. ഷിബു തോമസ്, അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകന്‍ കൂടിയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് റീജിയന്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ കഴിഞ്ഞ തവണയും റീജിയണ്‍ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവില്‍ ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകനാണ്.
ഐ.പി.സി ഒക്കലഹോമ എബനേസര്‍ സഭയുടെ മുന്‍ ശുശ്രൂഷകനായിരുന്ന റവ. ബെന്നി പാപ്പച്ചന്‍ ആണ് നിയുക്ത സെക്രട്ടറി. കേരളത്തില്‍ പിടവൂര്‍ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ എം. പാപ്പച്ചന്റെ മകനാണ്. ഗുഡ്‌ന്യൂസ് വാരികയുടെ ചെയര്‍മാന്‍ ആയിരുന്ന പരേതനായ വി.എം . മാത്യുവിന്റെ മകനും, ഡാളസ് ഐ.പി.സി. ടാബര്‍നാക്കിള്‍ സഭാംഗവുമായ വെസ്ലി മാത്യുവാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളില്‍ എക്‌സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.പി.സി. മിഡ് വെസ്‌ററ് റീജിയന്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നല്‍കിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടില്‍ ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറാര്‍. കേരളത്തില്‍ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ.പി.സി. ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭാംഗമാണ്. ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിജു തോമസ്, ഹ്യൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ അംഗവും, വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവര്‍ത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.
1985-ല്‍ ചുരുക്കം ചില സഭകളുമായി പ്രവര്‍ത്തനം ആരംഭിച്ച ഭാരത സുവിശേഷീകരണത്തിനും, സഭാവളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയണ്‍ ഇന്ന് ഡാളസ്, ഓസ്റ്റിന്‍, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, സാന്‍ അന്റോണിയോ എന്നീ പട്ടണങ്ങളിലെ സഭകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു. റീജിയണിന്റെ 2026-ലെ വാര്‍ഷിക കണ്‍വന്‍ഷന്‍ സാന്‍ അന്റോണിയോയില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
New leaders for I. P. C. Midwest Region













