ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി നിര്‍ണായക ചര്‍ച്ച നടത്തി. ഇന്ത്യയുടെ ന്യൂയോര്‍ക്കിലെ കോണ്‍സുള്‍ ജനറല്‍ അംബാസഡര്‍ ബിനയ ശ്രീകാന്ത പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നേതാവ് സജി അബ്രഹാം, ഫോമാ മുന്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം സന്തോഷ് അബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ പ്രതിനിധി ജെയിംസ് പീറ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി 10,000 ഡോളര്‍ വരെ സാമ്പത്തിക സഹായം ലഭ്യമാണെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളായ വനിതകള്‍ക്ക് 4,000 ഡോളര്‍ വരെ നിയമസഹായം നല്‍കുന്ന സംവിധാനവും നിലവിലുണ്ടെന്ന് വ്യക്തമാക്കി.
ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് അടിയന്തര സേവനങ്ങള്‍ക്കായി വര്‍ഷം മുഴുവന്‍ (365 ദിവസം) പ്രവര്‍ത്തിക്കുന്നതായും, ഒ.സി.ഐ, അറ്റസ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ സമൂഹത്തിന് എപ്പോഴും സഹായം ലഭ്യമാക്കുന്നതായും അറിയിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി, പെന്‍സില്‍വാനിയയും ന്യൂജഴ്സിയും സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന് ഇനി എഡിസണ്‍, ന്യൂജഴ്സിയിലെ ഢഎട കേന്ദ്രത്തില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാകും. തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പാസ്പോര്‍ട്ട്, ഒ.സി.ഐ, അറ്റസ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കും.
ഇതോടെ സമീപ സംസ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് കുറയും. സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനുള്ള കോണ്‍സുലേറ്റിന്റെ ഭാഗമായാണ് ഈ നടപടി.
ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പങ്കെടുത്തവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
New York Consulate extends helping hand to Indian citizens in America











