ദില്ലി : ഇറാൻ-അമേരിക്കൻ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, മേഖലയിലാകെ ആണവ ഭീഷണി ഉയർത്തി ഇറാന്റെ പുതിയ മുന്നറിയിപ്പ്. ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം തുടർന്നാൽ ഉണ്ടാകുന്ന റേഡിയോ ആക്ടീവ് വികിരണം ഗൾഫ് രാജ്യങ്ങളെയാകെ ബാധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഏക ആണവനിലയമായ ബുഷെഹറിന് നേരെ ശനിയാഴ്ച വീണ്ടും മിസൈൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. യുഎസ്-ഇസ്രായേൽ സഖ്യം തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയാകെ ഒരു ‘ദുരന്ത ഭൂമി’യായി മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണം മൂലം ഉണ്ടാകുന്ന വികിരണം വായുവിലൂടെയും കടലിലൂടെയും അയൽരാജ്യങ്ങളിലേക്ക് അതിവേഗം പടരും. ഇത് കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ആണവനിലയത്തിന് സമീപം നടന്ന സ്ഫോടനത്തിൽ ഒരു സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആണവ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തുടർച്ചയായ ആക്രമണങ്ങൾ നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ തകർക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, ഇറാനിലെ ഉന്നത സൈനിക നേതൃത്വത്തെ വധിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ടെഹ്‌റാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച ട്രംപ്, ഇറാൻ ഉടൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആവർത്തിച്ചു.













