സുമോദ് തോമസ് നെല്ലിക്കാല
ഫിലഡല്‍ഫിയ: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) ചാപ്റ്റര്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നിസ്വാര്‍ത്ഥവും നിബന്ധനകളില്ലാത്തതുമായ സാമ്പത്തികവും മറ്റ് സഹായങ്ങളും നല്‍കാന്‍ തീരുമാനിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
യോഗത്തില്‍ ചെയര്‍മാന്‍ സാബു സ്‌കറിയ, ജനറല്‍ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ യോഗം, യുഡിഎഫ് മുന്നണി ശക്തിപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ നിലനില്‍പ്പിനും വികസനത്തിനും അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
ഡോ. ഈപ്പന്‍ ഡാനിയല്‍ തന്റെ പ്രസംഗത്തില്‍, പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ ഇടപെടല്‍ ഉത്തരവാദിത്വപരമായിരിക്കണമെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ വികസനോന്മുഖമായ ഒരു ഭരണകൂടം കേരളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാന്‍ സാബു സ്‌കറിയ, ഫിലഡല്‍ഫിയ ചാപ്റ്റര്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്യാമ്പെയിനുകള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവ ഏകോപിതമായി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സുമോദ് തോമസ് നെല്ലിക്കാല, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമെന്ന് പറഞ്ഞു. ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, സഹായ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും, സംഭാവനകളുടെ കൃത്യമായ വിതരണ രേഖ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
അലക്‌സ്‌തോമസ്, കൊച്ചുമോന്‍ വയലത്ത്, പോള്‍ വര്‍ക്കി, തോമസ്‌കുട്ടി വര്‍ഗീസ്, ജി കെ ജോണ്‍, ഷാജി സുകുമാരന്‍, ജെയിംസ് പീറ്റര്‍, മാര്‍ഷല്‍ വറുഗീസ് എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയുണ്ടായി, കേരളത്തിലെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഐഒസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ആഹ്വാനം ചെയ്തു.
Philadelphia Indian Overseas Congress Chapter announces support for UDF candidates













