പ്രബുദ്ധ കേരളത്തിന് നന്ദി, വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അധികാരം ഉറപ്പെന്ന് ഇരുമുന്നണികളും

പ്രബുദ്ധ കേരളത്തിന് നന്ദി, വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അധികാരം ഉറപ്പെന്ന് ഇരുമുന്നണികളും

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അർപ്പിച്ചു. കടുത്ത വേനൽചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ജനങ്ങൾ ബൂത്തുകളിലെത്തിയത് കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ ബോധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തുടർഭരണം ഉറപ്പാണെന്ന സൂചനയോടെ നവകേരളത്തിനായി ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാപ്പകൽ അധ്വാനിച്ച പ്രവർത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൃദയാഭിവന്ദനം അറിയിച്ചു. പ്രബുദ്ധ കേരളത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, കേരളം ജയിക്കുമെന്നും യുഡിഎഫ് നയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സതീശൻ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത അദ്ദേഹം പ്രവർത്തകരുടെ ആവേശം വിജയത്തിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ പ്രവർത്തകർ കാട്ടിയ ആവേശം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിൽ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. വോട്ടെടുപ്പ് പൂർത്തിയായതോടെ സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമായി ജനവിധി മാറുമെന്ന് എൽഡിഎഫും, ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

Share Email
LATEST
Top