യുദ്ധത്തിനെതിരെ ഇനിയും ശബ്ദിക്കും; ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

യുദ്ധത്തിനെതിരെ ഇനിയും ശബ്ദിക്കും; ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടന്നാക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ശക്തമായ മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും സമാധാനത്തിനായുള്ള പോരാട്ടവും യുദ്ധത്തിനെതിരായ നിലപാടുകളും തുടരുമെന്നും അദ്ദേഹം വത്തിക്കാനിൽ വ്യക്തമാക്കി. മാർപാപ്പ വിദേശനയങ്ങളിൽ പരാജയമാണെന്നും കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ ദുർബലനാണെന്നുമുള്ള ട്രംപിന്റെ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ പ്രതികരണം.

അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇവിടെയുള്ളത് സമാധാനത്തിന് വേണ്ടി ശബ്ദിക്കാനാണെന്നും ലോകത്ത് നിരപരാധികൾ കൊല്ലപ്പെടുമ്പോൾ മെച്ചപ്പെട്ട വഴികൾ ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വെനസ്വേലയെ അമേരിക്ക ആക്രമിച്ചതിനെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ താൻ മാർപാപ്പയുടെ ആരാധകനല്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു.

ഇറാനിയൻ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെയും അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളെയും ലിയോ മാർപാപ്പ നേരത്തെയും വിമർശിച്ചിട്ടുണ്ട്. ട്രംപുമായി വ്യക്തിപരമായ തർക്കത്തിനില്ലെന്നും എന്നാൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് വത്തിക്കാന്റെ നിലപാട്. യേശുവിനോട് ഉപമിച്ചുകൊണ്ടുള്ള എഐ ചിത്രങ്ങൾ ട്രംപ് പ്രചരിപ്പിച്ചത് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടയിലാണ് മാർപാപ്പയുടെ ഈ നിർണ്ണായക പ്രഖ്യാപനം.

Share Email
LATEST
Top