മോസ്കോ: ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ ശക്തമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപരോധത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇറാന്‍റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യയുടെ വാഗ്ദാനം അദ്ദേഹം വീണ്ടും ആവർത്തിച്ചു. നേരത്തെ ഈ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ലെന്നും, എന്നാൽ ഇപ്പോഴും സഹായിക്കാൻ റഷ്യ തയ്യാറാണെന്നും പെസ്കോവ് അറിയിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിരന്തരം ചർച്ചകൾ നടത്തിവരികയാണ്. സംഘർഷം ലഘൂകരിക്കുന്നതിന് മധ്യസ്ഥനായി പ്രവർത്തിക്കാൻ റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ സൈന്യത്തിന് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ റഷ്യ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന്‍റെ നീക്കങ്ങളെക്കുറിച്ചും യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ റഷ്യ ഇറാനെ അറിയിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യകളും റഷ്യ ഇറാൻ സൈന്യത്തിന് ലഭ്യമാക്കുന്നുണ്ട്. നയതന്ത്ര തലത്തിൽ സമാധാനത്തിന് ശ്രമിക്കുമ്പോഴും സൈനിക തലത്തിൽ ഇറാന് റഷ്യ നൽകുന്ന പിന്തുണ അമേരിക്കയെയും അവരുടെ സഖ്യകക്ഷികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.













