പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ആർബിഐ ഉത്തരവിട്ടത്. ഭരണം, നിയമപാലനം, പ്രവർത്തന രീതികൾ എന്നിവയിൽ ആവർത്തിച്ചുണ്ടായ വീഴ്ചകളെത്തുടർന്നാണ് ദീർഘകാലമായി തുടർന്നുവന്ന നിയന്ത്രണ നടപടികൾക്കൊടുവിൽ ലൈസൻസ് റദ്ദാക്കാൻ ആർബിഐ തീരുമാനിച്ചത്. അതേസമയം പേടിഎം ആപ്പ്, യുപിഐ, പേടിഎം ഗോൾഡ് , ക്യുആർ, പേടിഎം മണി അടക്കമുള്ള സേവനങ്ങൾ തുടരും എന്ന് കമ്പനി അധികൃതർ അറിയിച്ചു.
നേരത്തേ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ആർബിഐ വിലക്കേർപ്പെടുത്തിയിരുന്നു. 2022 മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾ 2024-ൽ കൂടുതൽ കർശനമാക്കുകയായിരുന്നു. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കും മറ്റുമുള്ള ബാധ്യതകൾ തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്ന് ആർബിഐ ഉറപ്പുനൽകിയിട്ടുണ്ട്.
ഫിൻടെക് രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ നടപടി ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 2024-ലെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ആർബിഐ അന്തിമ നടപടിയിലേക്ക് കടന്നത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികളെയും ഈ തീരുമാനം ബാധിച്ചേക്കാം.















