ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിൽ. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ ആശങ്കകൾ കാരണം ചരക്കുകപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിക്കാൻ മടിക്കുകയാണ്. ഇറാൻ സമയം ഇന്ന് വൈകുന്നേരം 5:30 വരെയുള്ള കണക്കുകൾ പ്രകാരം, അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു എണ്ണക്കപ്പൽ മാത്രമാണ് ഈ വഴി കടന്നുപോയതെന്ന് സിഎൻഎൻ വിശകലനം വ്യക്തമാക്കുന്നു.
ബോട്സ്വാനയുടെ പതാകയേന്തിയ ‘മാബ് 5’ എന്ന ടാങ്കറാണ് കടലിടുക്ക് മുറിച്ചുകടന്നത്. അതേസമയം, ചരക്ക് കൊണ്ടുപോകുന്ന ഒരു ചെറിയ ഇന്ത്യൻ കപ്പൽ ഇന്ന് കടലിടുക്കിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചു. കൂടാതെ പാനമയുടെ ഒരു കപ്പലും മറ്റൊരു ഇന്ത്യൻ ചരക്കുകപ്പലും പേർഷ്യൻ ഗൾഫ് ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. എന്നാൽ പല കപ്പലുകളും തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന എ.ഐ.എസ് സംവിധാനം ഓഫാക്കി സഞ്ചരിക്കുന്നതിനാൽ, കൂടുതൽ കപ്പലുകൾ രഹസ്യമായി കടന്നുപോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാധാരണ ഗതിയിൽ പ്രതിദിനം ശരാശരി 107 ചരക്കുകപ്പലുകൾ കടന്നുപോകുന്ന ഈ പാതയിലൂടെ ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത്. യുദ്ധത്തിന് മുൻപുള്ള ഈ അവസ്ഥയിലേക്ക് ഗതാഗതം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തിൽ ആഗോള വിപണിക്ക് വലിയ ആശങ്കയുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചില്ലെങ്കിൽ എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ വിതരണം തടസ്സപ്പെടുകയും ഇത് ആഗോളതലത്തിൽ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാൻ ഈ പാതയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.













