ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നിർണ്ണായക മധ്യസ്ഥനാകാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ നടത്തിയ ഗൾഫ് പര്യടനം ബ്രിട്ടന്റെ കുറഞ്ഞുവരുന്ന ആഗോള സ്വാധീനത്തിന്റെ തെളിവായി മാറുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ബ്രിട്ടൻ തിരിച്ചെത്തിയെന്ന സന്ദേശമാണ് സ്റ്റാമർ നൽകിയതെങ്കിലും, യഥാർത്ഥ നയതന്ത്ര തീരുമാനങ്ങൾ ലണ്ടനിൽ നിന്നല്ല പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും ഇസ്രായേലിന്റെ സൈനിക നീക്കങ്ങളും പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുമ്പോൾ, ബ്രിട്ടൻ വെറുമൊരു കാഴ്ചക്കാരനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മേഖലയിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ബ്രിട്ടന് പഴയതുപോലെ സ്വാധീനമില്ലെന്ന് ഈ പര്യടനം വ്യക്തമാക്കുന്നു. സഖ്യങ്ങൾ പുതുക്കുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും സ്റ്റാമർ മുൻകൈ എടുക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെയും പ്രാദേശിക ശക്തികളുടെയും തണലിൽ നിൽക്കുന്ന ഒരു ‘സപ്പോർട്ടിംഗ് വോയിസ്’ മാത്രമായി ബ്രിട്ടൻ മാറിയിരിക്കുന്നു.
നയതന്ത്ര ലോകത്തെ ഈ മാറ്റം താൽക്കാലികമല്ലെന്നും മറിച്ച് ബ്രിട്ടീഷ് സ്വാധീനത്തിലുണ്ടായ ദീർഘകാല തകർച്ചയുടെ പ്രതിഫലനമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകാര്യതയ്ക്കിടയിലും, നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകളിൽ ബ്രിട്ടന് കാര്യമായ റോൾ ഇല്ലാത്തത് ലണ്ടന്റെ നയതന്ത്ര കരുത്തിന് ഏറ്റ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളിൽ സ്റ്റാമറുടെ സന്ദർശനം എന്ത് ചലനമുണ്ടാക്കുമെന്ന് കണ്ടറിയണം.













