ദോഹ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത നീക്കവുമായി അമേരിക്കയും ബ്രിട്ടനും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്തത്. ഇറാനുമായുള്ള സമാധാനം നിലനിൽക്കണമെങ്കിൽ അയൽപക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ കൂടി ഈ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന് സ്റ്റാമർ ട്രംപിനോട് ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ ഗൾഫ് പര്യടനം ഖത്തറിൽ പൂർത്തിയാക്കവെയാണ് സ്റ്റാമർ ചർച്ചയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ കൃത്യമായ പദ്ധതി ആവശ്യമാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു. നിലവിലെ അനിശ്ചിതത്വം കാരണം ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ പ്രതിസന്ധിയിലായ ഗൾഫ് രാജ്യങ്ങൾക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും പൂർണ്ണ പിന്തുണ സ്റ്റാമർ വാഗ്ദാനം ചെയ്തു.
അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ നിർണ്ണായക ചർച്ച നടന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ നാറ്റോ അംഗരാജ്യങ്ങൾ വിസമ്മതിച്ചത് ട്രംപിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. എന്നാൽ ഈ യുദ്ധം വരും തലമുറകളുടെ പോലും ഭാവി നിശ്ചയിക്കുന്നതാണെന്നും, സഖ്യകക്ഷികൾ ഒന്നിച്ച് നിന്ന് കരുത്തോടെ പ്രതികരിക്കേണ്ട സമയമാണിതെന്നും സ്റ്റാമർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ ആശങ്കകൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമാധാന ചട്ടക്കൂടിനാണ് ബ്രിട്ടൻ മുൻഗണന നൽകുന്നത്.













