വാഷിങ്ടൺ: ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ വധിച്ചതായി അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനിൽ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ നിരവധി സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വീഡിയോയും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പങ്കുവെച്ചു. ഒരു മിനിറ്റും എട്ടു സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയാണ് ട്രംപ് പുറത്തുവിട്ടത്. സ്ഫോടനങ്ങൾ നടക്കുന്ന ദൃശ്യങ്ങൾ ഇതിലുണ്ട്. ഇറാന്റെ അവിവേകികളായ നേതാക്കൾ ഇതോടെ അവസാനിച്ചുവെന്നും ട്രംപ് കുറിച്ചു. എന്നാൽ ആക്രമണം നടന്ന സമയം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. സമാധാന കരാറിന് ഇറാൻ വഴങ്ങണമെന്നും 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇറാനുമേൽ ആക്രമണം നടത്തുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നേതാക്കളെ വധിച്ചെന്ന പ്രഖ്യാപനം വരുന്നത്.
ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടു
April 5, 2026 9:23 am













