വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ വളം വില കുതിച്ചുയരുന്ന സാഹചര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇറാനിലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്കിടയിൽ വളം വിപണിയിലെ കുത്തകകൾ നടത്തുന്ന അന്യായമായ വിലവർദ്ധനവ് അമേരിക്ക അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ ട്രൂത്ത് സോഷ്യലിലൂടെയാണ് അമേരിക്കൻ കർഷകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
ലോകത്തെ വളം വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാൻ യുദ്ധം ഈ പാതയെ പൂർണ്ണമായും നിശ്ചലമാക്കിയതോടെ ലോകം വലിയൊരു വളം ക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രജൻ വളമായ യൂറിയയുടെ ആഗോള കയറ്റുമതിയിൽ പകുതിയോളം ഈ യുദ്ധം മൂലം തടസ്സപ്പെടുമെന്ന് അമേരിക്കൻ ഫാം ബ്യൂറോ ഫെഡറേഷൻ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാന വാരത്തിന് ശേഷം യൂറിയ വിലയിൽ 50 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു ടണ്ണിന് 694.25 ഡോളർ എന്ന നിരക്കിലാണ് വിപണിയിലെ വ്യാപാരം.
വിലക്കയറ്റം തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2022-ൽ ഉണ്ടായതിന് സമാനമായ ഭക്ഷ്യക്ഷാമത്തിലേക്കും വിതരണ ശൃംഖലയുടെ തകർച്ചയിലേക്കും ഇത് നയിച്ചേക്കാമെന്ന് ഫാം ബ്യൂറോ പ്രസിഡന്റ് സിപ്പി ദുവാൾ പ്രസിഡന്റ് ട്രംപിന് അയച്ച കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം കാർഷിക ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും വർദ്ധിച്ചുവരുന്ന കടബാധ്യതകളും കാരണം കർഷകർ പ്രതിസന്ധിയിലായിരിക്കെ, വളം വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർദ്ധനവ് അമേരിക്കൻ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിപണിയിലെ ചൂഷണം തടയാൻ സർക്കാർ കർശന ഇടപെടലുകൾ നടത്തുമെന്ന പ്രതീക്ഷയിലാണ് കർഷക സമൂഹം.













