കുവൈത്ത് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾക്കിടയിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധം ശക്തമാക്കാൻ അത്യാധുനിക ‘റാപ്പിഡ് റേഞ്ചർ’ സംവിധാനം വിന്യസിച്ചു. ഡ്രോണുകളെയും അതിവേഗത്തിൽ സഞ്ചരിക്കുന്ന ലക്ഷ്യങ്ങളെയും തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഹ്രസ്വദൂര പ്രതിരോധ സംവിധാനമാണിത്. ഏകദേശം എട്ട് കിലോമീറ്റർ പരിധിയിലുള്ള ശത്രുനീക്കങ്ങളെ തടയാൻ ശേഷിയുള്ള ഈ സംവിധാനം വിന്യസിക്കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വെള്ളിയാഴ്ച രാവിലെ കുവൈത്ത് കിരീടാവകാശിയുമായി ചർച്ച നടത്തി.
ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടൻ വിന്യസിക്കുന്ന വിവിധ സൈനിക ആസ്തികളിൽ ഒന്നാണിത്. ഇതിന് സമാനമായ മറ്റൊരു പ്രതിരോധ സംവിധാനം സൗദി അറേബ്യയിലേക്കും അയച്ചിട്ടുണ്ട്. സൗദിയുടെ വിശാലമായ വ്യോമ പ്രതിരോധ ശൃംഖലയുമായി സംയോജിപ്പിച്ചാകും ഇത് പ്രവർത്തിക്കുക. മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ നൽകുന്ന പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
അതേസമയം, അതീവ ജാഗ്രതയുള്ള മേഖലയിൽ വെച്ച് റോയൽ എയർഫോഴ്സ് (RAF) റെജിമെന്റ് ഇറാന്റെ ഒന്നിലധികം ഡ്രോണുകൾ വിജയകരമായി വെടിവെച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ റാപ്പിഡ് റേഞ്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മികച്ച ഫലം നൽകുന്നുണ്ടെന്നാണ് പ്രവർത്തന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ച് പ്രതിരോധ കവചം തീർക്കാനാണ് ബ്രിട്ടന്റെ നീക്കം.











