ജനീവ: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ പ്രത്യേക പ്രതിനിധിയെ മേഖലയിലേക്ക് അയക്കുന്നു. ലോകം ഒരു വലിയ യുദ്ധത്തിന്റെ വക്കിലാണെന്നും നിലവിലെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഗുട്ടെറസ്, യുദ്ധം സൃഷ്ടിക്കുന്ന മാനുഷിക ദുരിതങ്ങളും സാമ്പത്തിക തകർച്ചയും പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
അമേരിക്കയും ഇസ്രായേലും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഗുട്ടെറസ് പ്രസ്താവിച്ചു. വലിയ തോതിലുള്ള മനുഷ്യനാശത്തിന് പുറമെ ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കുന്ന പ്രത്യാഘാതങ്ങളാണ് ഈ യുദ്ധം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അയൽരാജ്യങ്ങളെ ആക്രമിക്കുന്ന നടപടി ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിതരണ ശൃംഖല തടസ്സപ്പെട്ടതും ഊർജ്ജ പ്രതിസന്ധിയും സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു കഴിഞ്ഞു. സ്ഥിതിഗതികൾ ഇനിയും വഷളായാൽ നിയന്ത്രിക്കാനാവാത്ത വിധം യുദ്ധം വ്യാപിക്കുമെന്ന ഭീതിയിലാണ് ഐക്യരാഷ്ട്രസഭ. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും സമാധാനത്തിനായുള്ള വാതിൽ ഇപ്പോഴും തുറന്നുതന്നെയാണെന്നും ഗുട്ടെറസ് വ്യക്തമാക്കി.













