വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ചരിത്രപരമായ വിജയം നേടിയതായും ഇറാന്റെ സൈനിക ശേഷി ഭൂരിഭാഗവും തകർക്കപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ കരാറിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കം യുദ്ധക്കളത്തിൽ സമാനതകളില്ലാത്ത വിജയമാണ് കൈവരിച്ചതെന്നും ഇറാന്റെ സൈന്യത്തെ വരും വർഷങ്ങളിലേക്ക് ഒന്നിനും സാധിക്കാത്ത വിധം തകർക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഇറാന്റെ പക്കൽ ഇപ്പോഴും ശക്തമായ മിസൈൽ ലോഞ്ചറുകളും ആയിരക്കണക്കിന് ഡ്രോണുകളും അവശേഷിക്കുന്നുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകളെ ഹെഗ്‌സെത്ത് പൂർണ്ണമായും തള്ളിക്കളഞ്ഞില്ല. ഇറാന്റെ പക്കലുള്ള മിസൈൽ ലോഞ്ചറുകളിൽ പകുതിയോളം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് കഴിഞ്ഞ ആഴ്ച സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇറാനിൽ ഇനി ബാക്കിയുള്ളത് ബങ്കറുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുള്ള തുച്ഛമായ ആയുധങ്ങൾ മാത്രമാണെന്നും അതുകൊണ്ട് വലിയ ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ സൈനിക നിയന്ത്രണ സംവിധാനങ്ങൾ (കമാൻഡ് ആൻഡ് കൺട്രോൾ) പൂർണ്ണമായും തകർന്നതിനാൽ അവർക്ക് ഏകോപിതമായി നീങ്ങാൻ സാധിക്കില്ലെന്ന് ഹെഗ്‌സെത്ത് വ്യക്തമാക്കി. ചിതറിക്കിടക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്ന് അവർ ഇപ്പോഴും ആക്രമണം നടത്തിയേക്കാം. എന്നാൽ ഇത്തരത്തിൽ ഇവിടെയും അവിടെയുമായി ആക്രമണം നടത്തുന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമായ നീക്കമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുവിന് തിരിച്ചടിക്കാനുള്ള ശേഷി ഇപ്പോഴുണ്ടെന്ന് സമ്മതിക്കുമ്പോഴും യുദ്ധത്തിൽ അമേരിക്ക മുൻതൂക്കം നേടിയെന്ന നിലപാടിലാണ് പെന്റഗൺ.











