ന്യൂയോര്‍ക്ക്: നിര്‍ണായകമായ ഇറാന്‍ – അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ഇസ്‌ളാമാബാദില്‍ തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും ആണ് ഇരുരാജ്യങ്ങളയും പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാനായി ഇസ്‌ളാമാബാദിലേക്ക് എത്തുന്നത്. ഇന്നു നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥത വഹിക്കും.
ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയേക്കും. ഇത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചില സൂചനകളും നല്കി. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളും കരാറില്‍ ലെബനോന്‍ ഉള്‍പ്പെടുത്തണമോ എന്നതിനെക്കുറിച്ചുള്ള തര്‍ക്കങ്ങളും സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയായി തുടരുന്നു..
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയെ സാരമായി ബാധിച്ചു. ഇറാന്‍ പത്തിന നിര്‍ദ്ദേശങ്ങളും അമേരിക്ക 15 ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനുമേല്‍ യുഎസ് ചുമത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും പൂര്‍ണമായും നീക്കണമെന്നും പശ്ചിമേഷ്യയിയില്‍നിന്ന് യുഎസ് സൈനികവിഭാഗങ്ങളെ പിന്‍വലിക്കണമെന്നും ഹോര്‍മുസിലൂടെയുള്ള കപ്പല്‍ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം യുദ്ധനഷ്ടപരിഹാരമായി ടോള്‍ ഈടാക്കമെന്നതും ഉള്‍പ്പെടെ ഇറാന്‍ മുന്നോട്ടു വെയ്ക്കുന്നു.
സമ്പുഷ്ടീകരിച്ച മുഴുവന്‍ യുറേനിയവും ഇറാന്‍ പുറത്തേക്ക് മാറ്റണമെന്നും എല്ലാ ആണവനിലയങ്ങളിലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് പരിശോധനക്ക് അനുമതി നല്‍കണമെന്നും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും നിര്‍ത്തണം, ഹിസ്ബുള്ളയും ഹൂതിയും പോലുള്ള സായുധ സംഘടനകള്‍ക്ക് സഹായം നല്‍കരുത്, ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍നീക്കം ഉപേക്ഷിച്ച് ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം, ഇറാനില്‍ തടവിലുള്ള യുഎസ് പൗരന്മാരെ മോചിപ്പിക്കണമെന്നും ്അമേരിക്ക ആവശ്യം മുന്നോട്ടുവെയ്ക്കുന്നു.
US-Iran peace talks begin in Islamabad today











