ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസ്ഥിരതയ്ക്കും അതിന്റെ ആഗോള പ്രത്യാഘാതങ്ങൾക്കും ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദാറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പോരാടുമെന്ന ഇറാന്റെ ഉറച്ച തീരുമാനം അദ്ദേഹം ചർച്ചയിൽ ആവർത്തിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഈ വിവരം പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഈ കർശന നിലപാട്. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും പത്തിമടക്കാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് അരാഗ്ച്ചിയുടെ വാക്കുകൾ നൽകുന്നത്. നിലവിലെ സൈനിക പ്രതിസന്ധിക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാൻ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യം പാകിസ്ഥാൻ ഊന്നിപ്പറഞ്ഞു. യുദ്ധം ഒഴിവാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചേർന്ന് മധ്യസ്ഥ ചർച്ചകൾക്ക് പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വരും മണിക്കൂറുകളിൽ അമേരിക്കയുടെ നീക്കങ്ങൾ എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി. അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്.













