വാഷിംഗ്ടൺ: 1979-ലെ ടെഹ്‌റാൻ ഇറാൻ എംബസി ഉപരോധത്തിൽ പങ്കെടുത്ത തീവ്രവാദികളുടെ വക്താവായിരുന്ന മസൗമെ എബ്തേക്കറുടെ മകനെയും കുടുംബത്തെയും അമേരിക്ക പുറത്താക്കുന്നു. എബ്തേക്കറുടെ മകൻ ഈസ ഹാഷിമി, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരെയാണ് അമേരിക്കയിൽ നിന്ന് നാടുകടത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടത്. ഹാഷിമിയുടെ ഗ്രീൻ കാർഡ് റദ്ദാക്കിയതായും ഇവർ ഇപ്പോൾ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.
ഇറാൻ ബന്ദി പ്രതിസന്ധിയുടെ കാലത്ത് അമേരിക്കൻ നയതന്ത്രജ്ഞരെയും പൗരന്മാരെയും തടവിലാക്കിയ തീവ്രവാദികളുടെ ആവശ്യങ്ങൾ ഇംഗ്ലീഷിൽ ലോകത്തെ അറിയിച്ചിരുന്ന വ്യക്തിയായിരുന്നു മസൗമെ എബ്തേക്കർ. അന്ന് വിദേശ മാധ്യമങ്ങൾക്കിടയിൽ ‘സ്ക്രീമിംഗ് മേരി’ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവർ ഇറാന്റെ വനിതാ കാര്യ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കുടുംബ പശ്ചാത്തലം നേരിട്ട് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
അമേരിക്കയിൽ താമസിക്കുക എന്നത് അസാധാരണമായ ഒരു പദവിയാണെന്നും അങ്ങനെയുള്ള ഒരു രാജ്യത്ത് താമസിക്കാനുള്ള ആനുകൂല്യം ഇത്തരം പശ്ചാത്തലമുള്ള കുടുംബങ്ങൾക്ക് ഒരിക്കലും നൽകാൻ പാടില്ലായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഈ നടപടി രാജ്യത്തിന്റെ സുരക്ഷാ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സഹോദരപുത്രിയെയും മകളെയും അമേരിക്കൻ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവർക്കെതിരെയുള്ള അമേരിക്കയുടെ പുതിയ നീക്കം. നിലവിൽ കസ്റ്റഡിയിലുള്ള ഹാഷിമിയെയും കുടുംബത്തെയും വരും ദിവസങ്ങളിൽ തന്നെ ഇറാനിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.













