മാർപാപ്പയുടെ പ്രസംഗത്തിൽ തുടങ്ങിയ നയതന്ത്ര തർക്കം രൂക്ഷം, പെന്‍റഗൺ നടപടിയിൽ പ്രതിഷേധം, ലിയോ പതിനാലാമൻ അമേരിക്കൻ സന്ദർശനം റദ്ദാക്കി

മാർപാപ്പയുടെ പ്രസംഗത്തിൽ തുടങ്ങിയ നയതന്ത്ര തർക്കം രൂക്ഷം, പെന്‍റഗൺ നടപടിയിൽ പ്രതിഷേധം, ലിയോ പതിനാലാമൻ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം അഭൂതപൂർവമായ നയതന്ത്ര പ്രതിസന്ധിയിലേക്ക്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ-വിദേശ നയങ്ങളെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ നടത്തിയ പ്രസംഗം അമേരിക്കയെ ചൊടിപ്പിച്ചതോടെയാണ് തർക്കം പരസ്യമായത്. വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ച യുഎസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്ജ് കോൾബി, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാട് അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയായാണ് പെന്റഗൺ വിലയിരുത്തുന്നത്.

അമേരിക്കയിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് സർക്കാരിന്റെ നയങ്ങളെ നേരത്തെയും വിമർശിച്ചിരുന്നു. ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അമേരിക്കയെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. വത്തിക്കാനെ കൂടുതൽ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു. അക്കാലത്ത് ഭരണകൂട സമ്മർദ്ദത്തിന് വഴങ്ങി മാർപ്പാപ്പമാർക്ക് ആസ്ഥാനം മാറ്റേണ്ടി വന്ന സാഹചര്യം ഓർമ്മിപ്പിച്ചത് സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ കാണുന്നത്.

പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് മാർപ്പാപ്പയുടെ തീരുമാനം. ഇതോടെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയും ആത്മീയ നേതൃത്വവും തമ്മിലുള്ള പോര് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Vatican-US ties hit rock bottom as Pope Leo XIV cancels US trip amid Pentagon threats

Share Email
LATEST
More Articles
Top