മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’, വിസ്മയ നടൻ മോഹൻലാൽ ഇന്ന് തന്റെ 66-ാം ജന്മദിനം ആഘോഷിക്കുന്നു. വില്ലനായി തുടങ്ങി പിന്നീട് മലയാള സിനിമയുടെ സിംഹാസനം കീഴടക്കിയ മോഹൻലാലിന്റെ അഭിനയയാത്ര ഒരു ഇതിഹാസം പോലെ മനോഹരമാണ്.
നാല് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന ഈ പ്രതിഭയുടെ ജന്മദിനം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പുലർച്ചെ മുതൽ തന്നെ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തി. പതിവുപോലെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് ലാലേട്ടന് ആദ്യം ജന്മദിനാശംസകൾ നേർന്നത്.
ഇത്തവണത്തെ ജന്മദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ജന്മദിനമാണിത്. കൂടാതെ, ആരാധകർ ഏറെ കാത്തിരുന്ന ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു എന്നതും ആഘോഷങ്ങളുടെ മാറ്റുകൂട്ടി. കൊച്ചിയിലെ കവിത തിയേറ്ററിൽ ‘ദൃശ്യം 3’ യുടെ ഫസ്റ്റ് ഷോയ്ക്ക് ശേഷം ഭാര്യ സുചിത്ര, നടി മീന, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം ആരാധകർക്ക് നടുവിൽ കേക്ക് മുറിച്ചാണ് താരം ഇത്തവണ ജന്മദിനം ആഘോഷിച്ചത്.
പത്മശ്രീ, പത്മഭൂഷൺ, ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹം ഇന്നും പുതിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ നടനവൈഭവത്തിന് മുന്നിൽ കാലം ഇനിയും വിസ്മയത്തോടെ കാത്തുനിൽക്കുമെന്നതിൽ തർക്കമില്ല. പ്രിയ ലാലേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!















