യുഎസിലെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ്; 100 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് ഫാസ്റ്റ് ഫാഷൻ ഭീമൻ ഷീൻ

യുഎസിലെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ്; 100 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് ഫാസ്റ്റ് ഫാഷൻ ഭീമൻ ഷീൻ

വാഷിംഗ്ടൺ: ഉൽപ്പന്നങ്ങളെയും നയങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന കേസിൽ 100 മില്യൺ ഡോളർ (ഏകദേശം 840 കോടിയിലധികം രൂപ) പിഴയൊടുക്കാൻ സിംഗപ്പൂർ ആസ്ഥാനമായുള്ള ഫാസ്റ്റ് ഫാഷൻ റീട്ടെയിലർ ‘ഷീൻ’ സമ്മതിച്ചു. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഡെലിവറി വാഗ്ദാനങ്ങൾ ലംഘിക്കുകയും, ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ മറച്ചുവെക്കുകയും, ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നത് അങ്ങേയറ്റം ദുഷ്കരമാക്കുകയും ചെയ്തതായി എഫ്.ടി.സി ആരോപിച്ചു. ബാലവേലയും നിർബന്ധിത തൊഴിലും ഇല്ലാത്ത മികച്ച വിതരണക്കാരിൽ നിന്നാണ് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതെന്നും, പരുത്തിയുടെ ഉത്ഭവത്തെക്കുറിച്ചും കമ്പനി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായി എഫ്.ടി.സി ബ്യൂറോ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടർ ക്രിസ്റ്റഫർ മുഫാരിജ് വ്യക്തമാക്കി.

അമേരിക്കയിലേക്ക് പ്രതിദിനം ഏകദേശം 10 ലക്ഷത്തോളം പാക്കേജുകൾ അയക്കുന്ന ഷീൻ, ഉപഭോക്താക്കളുടെ ഫോൺ കോളുകൾ സ്വീകരിക്കുന്നതിനായി വെറും അഞ്ച് കസ്റ്റമർ സർവീസ് പ്രതിനിധികളെ മാത്രമാണ് നിയമിച്ചിരുന്നതെന്ന് എഫ്.ടി.സി ചൂണ്ടിക്കാട്ടി. കമ്പനി നൽകുന്ന 100 മില്യൺ ഡോളർ തുക വഞ്ചിക്കപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനായി ഉപയോഗിക്കും. എഫ്.ടി.സിയുടെ നിർദ്ദിഷ്ട ഉത്തരവ് പ്രകാരം, ഡെലിവറി സമയത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്നും മോശം റിവ്യൂകൾ തടയുന്നതിൽ നിന്നും ഷീനിനെ വിലക്കിയിട്ടുണ്ട്. കൂടാതെ മതിയായ കസ്റ്റമർ സർവീസ് സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഈ ഒത്തുതീർപ്പ് കുറ്റസമ്മതമല്ലെന്നും തങ്ങളുടെ ബിസിനസ്സ് രീതികളെക്കുറിച്ചുള്ള എഫ്.ടി.സിയുടെ വിലയിരുത്തലുകളോട് വിയോജിപ്പുണ്ടെന്നുമാണ് ഷീൻ വക്താവിന്റെ പ്രതികരണം. കഴിഞ്ഞ സെപ്റ്റംബറിൽ ഹോങ്കോംഗ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഷീൻ, കുറഞ്ഞ വിലയിലുള്ള വസ്ത്രങ്ങളിലൂടെയാണ് അമേരിക്കയിൽ വലിയ ഉപഭോക്തൃ അടിത്തറ ഉണ്ടാക്കിയെടുത്തത്. എന്നാൽ, കുറഞ്ഞ വിലയുള്ള പാക്കേജുകൾക്ക് നികുതി ഇളവ് നൽകിയിരുന്ന ‘ഡി മിനിമസ്’ ആനുകൂല്യം കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് നിർത്തലാക്കിയതോടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി നിർബന്ധിതരായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top