ന്യൂയോർക്ക്: വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിനും ഇറാൻ ഉൾപ്പെടെയുള്ള അമേരിക്കൻ ഉപരോധമുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടതിനും ചൈനീസ് സാങ്കേതികവിദ്യാ ഭീമനായ വാവെയ് ടെക്‌നോളജീസ് കുറ്റക്കാരാണെന്ന് യുഎസ് ഫെഡറൽ ജൂറി ചൊവ്വാഴ്ച വിധിച്ചു. ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ നടന്ന വിചാരണയിൽ കമ്പനിക്കെതിരെയുള്ള 12 കുറ്റങ്ങളിൽ 10 എണ്ണത്തിലും വാവെയ് കുറ്റക്കാരാണെന്ന് കണ്ടെത്തി.
ഈ കേസിൽ വ്യക്തികളെ പ്രതിചേർത്തിട്ടില്ലാത്തതിനാൽ ആരെയും ജയിലിലടക്കില്ലെങ്കിലും, അടുത്ത സെപ്റ്റംബറിൽ ശിക്ഷ വിധിക്കുമ്പോൾ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ പിഴയായി നൽകേണ്ടി വന്നേക്കും.
ഇറാനിലെ ‘സയീം’ എന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഇന്റർനെറ്റ് നിരീക്ഷിക്കുന്നതിനും സെൻസർ ചെയ്യുന്നതിനും വാവെയും അതിന്റെ ഉപകമ്പനികളും സഹായിച്ചതായി യു.എസ് നീതിന്യായ വകുപ്പ് (DOJ) വ്യക്തമാക്കി. കൂടാതെ, ഇറാനിലെ പ്രതിഷേധങ്ങൾ നിരീക്ഷിക്കാൻ ടെഹ്‌റാൻ ഭരണകൂടത്തെ സഹായിക്കുന്ന നിരീക്ഷണ ക്യാമറകളും വാവെയ് നൽകിയിട്ടുണ്ട്.
ഇറാനിലെ തങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വാവെയ് ആവർത്തിച്ച് കള്ളം പറഞ്ഞതായും നീതിന്യായ വകുപ്പ് കുറ്റപ്പെടുത്തി. ഇറാൻ സർക്കാരിനെയോ സൈന്യത്തെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ സഹായിക്കുന്നില്ലെന്നും, 2011 മുതൽ ഇറാനിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ടെന്നും, ‘സ്കൈകോം’ തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയല്ല മറിച്ച് ഒരു ബിസിനസ്സ് പങ്കാളി മാത്രമാണെന്നും ബാങ്കുകളോടും മാധ്യമപ്രവർത്തകരോടും യു.എസ് സർക്കാരിനോടും വാവെയ് തെറ്റായി അവകാശപ്പെട്ടിരുന്നു. അമേരിക്കൻ ഉപരോധ നിയമങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന കമ്പനിയുടെ വാദങ്ങളും പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് കോടതിയിൽ തെളിഞ്ഞു.














